ഹൈദരാബാദിൽ തന്റെ പുതിയ ചിത്രം ‘വേട്ടയ്യൻ’ ഷൂട്ടിംഗ് നടക്കവേ പൊലീസ് വേഷത്തിൽ കാറിൽ കയറുന്ന രജനികാന്തിന്റെ വീഡിയോ പുറത്ത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് സ്ഥലത്തെത്തിയ നടന്റെ കാറിന് ചുറ്റും ആരാധകർ വളഞ്ഞിരുന്നു. വൻ കരഘോഷത്തോടെയാണ് രജനിയെ ആരാധകർ വരവേറ്റിയത്.
നേരത്തെ രജനി ഹൈദരാബാദിലേക്ക് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ പൂർത്തിയാക്കാൻ പോകുന്നുവെന്ന വാർത്ത എത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ കടപ്പയിലായിരുന്നു ഇതിന് മുൻപ് ചിത്രീകരണം നടന്നത്. ആന്ധ്രാ ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫഹദ് ഫാസിലിന്റെയും റാണാ ദഗുബട്ടിയുടെയും ലൊക്കേഷൻ ചിത്രമാണ് വൈറലായത്.
ടി ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന എൻ്റർടെയ്‌നർ വിഭാഗത്തിലുള്ള ചിത്രത്തിൽ അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്. അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. എസ് ആർ കതിർ ആണ് ഛായാഗ്രഹണം. ഫിലോമിൻ രാജ് ചിത്രസംയോജനവും അൻപറിവ് ആക്ഷൻ സംവിധാനവും നിർവ്വഹിക്കുന്നു.