ദുബായ്: താപനില 50 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയ സാഹചര്യത്തില്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശങ്ങളുമായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). വാഹനങ്ങള്‍ എല്ലാ അര്‍ഥത്തിലും സുരക്ഷിതമാണെന്ന് പതിവായി പരിശോധിച്ച് ഉറപ്പാക്കാന്‍ ദുബായ് ഗതാഗത അതോറിറ്റി ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
വാഹനങ്ങളുടെ കൃത്യവും സമയബന്ധിതവുമായ അറ്റകുറ്റപ്പണികള്‍ ചൂട് കാലത്ത് പൊടുന്നനെ വാഹനങ്ങളുടെ യന്ത്രങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുന്നത് കുറയ്ക്കാനും അതുവഴി ട്രാഫിക് അപകടങ്ങള്‍ തടയാനും സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യാത്ര പുറപ്പെടുന്നതിന് മുമ്പ് വാഹനത്തിന്റെ ടയറുകള്‍, ബ്രേക്കുകള്‍, എണ്ണ, കൂളന്റ്, എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍, ബാറ്ററികള്‍, ലൈറ്റുകള്‍, വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ എന്നിവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. എണ്ണ, വെള്ളം എന്നിവയ്ക്ക് ചോര്‍ച്ചയുണ്ടോയെന്നും പരിശോധിക്കണമെന്നും ആര്‍ടിഎയുടെ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സിയിലെ ട്രാഫിക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബദര്‍ അല്‍ സിരി പറഞ്ഞു.
വാഹനങ്ങളുടെ ലൈസന്‍സ് പുതുക്കുമ്പോള്‍ വാര്‍ഷിക വാഹന പരിശോധന ആവശ്യമാണെങ്കിലും, വര്‍ഷം മുഴുവനും പതിവ് പരിശോധനകള്‍ നടത്താന്‍ ഡ്രൈവര്‍മാര്‍ തയ്യാറാവണമെന്നും അതോറിറ്റി അറിയിച്ചു. രാജ്യത്ത് താപനില 50 ഡിഗ്രിക്ക് അടുത്ത് എത്തിയ സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് യന്ത്രത്തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ആര്‍ടിഎയുടെ ബോധവത്കരണ കാമ്പയിന്. മെയ് 31 ന് അല്‍ ഐനിലെ താപനില 49.2 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു.
കനത്ത ചൂടില്‍ വാഹനങ്ങള്‍ ശരിയായ രീതിയില്‍ പരിചരിച്ചില്ലെങ്കില്‍ തീപ്പിടിത്തം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് സുരക്ഷാ ബോധവല്‍ക്കരണ ക്യാംപയിന്. ആഭ്യന്തര മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴിയും ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കാര്‍ ഡീലര്‍മാര്‍, മാളുകള്‍, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ വഴിയുമാണ് സുരക്ഷിത വാഹന ഡ്രൈവിംഗിനെ കുറിച്ചുള്ള ബാധവല്‍ക്കരണ ക്യാംപയിന് സംഘടിപ്പിക്കുന്നതെന്നും ഇക്കാര്യത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.