റിയാദ്: സൗദിയില്‍ താപനില കൂടിവരുന്ന സാഹചര്യത്തില്‍ ഉച്ച സമയത്തെ പുറം ജോലികള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനം. നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ നിരോധനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തിന്റെ സഹകരണത്തോടെയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പദ്ധതി നടപ്പിലാക്കുക. തൊഴിലാളികളുടെ സുരക്ഷിതത്വവുംഉറപ്പുവരുത്തുന്നതിനും സൂര്യതാപത്താലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനും, ആഗോള തൊഴില്‍ സുരക്ഷയ്ക്കും ആരോഗ്യ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിടുന്നതാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ തീരുമാനത്തിന് അനുസൃതമായി തൊഴില്‍ സമയം ക്രമീകരിക്കാന്‍ തൊഴിലുടമകളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
കനത്ത ചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന് കൈക്കൊള്ളേണ്ട നടപടികള്‍ വിശദമാക്കുന്ന പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഗൈഡ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വം പരിശോധന നടത്തുകയും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യും. ഇത്തരത്തില്‍ നിയമം ലംഘിച്ച് നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ഉച്ച സമയത്ത് ജോലി ചെയ്യിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം മന്ത്രാലയത്തിന്റെ ഏകീകൃത നമ്പറിലോ (19911) സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമായ മന്ത്രാലയത്തിന്റെ ആപ്പ് വഴിയോ അറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂടാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അനുഭവപ്പെടുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് കടന്നു. റിയാദിലും മക്ക, മദീന നഗരങ്ങളിലും ചൂട് ശക്തമായി. രാജ്യത്തെ മറ്റു നഗരങ്ങളിലും ചൂടിന് ശക്തിയേറിയിട്ടുണ്ട്. റിയാദ്, മക്ക, മദീന നഗരങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 45 മുതല്‍ 47 ഡിഗ്രി വരെയാണ് ഇവിടങ്ങളിലെ താപനില. ഇത്തവണ വേനല്‍ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തണുത്ത കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുള്ളതായും അല്‍ ജൗഫ് ഭാഗങ്ങളില്‍ പൊടിയോട് കൂടിയ ചുടുകാറ്റ് അടിച്ചുവീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.