ഇന്ത്യയിലെ ഇലക്ട്രിക്ക് കാർ വിപണിയിൽ എതിരാളികളില്ലാത്ത ഒരു വാഹനം എന്ന് വിശേഷിപ്പിക്കാവുന്ന മോഡലാണ് ടാറ്റ ടിയാഗോ ഇവി (Tata Tiago EV). ഈ വാഹനത്തിനോട് മത്സരിക്കാൻ ഇതിന്റെ വിലയിലും വിഭാഗത്തിലും മറ്റൊരു കാർ രാജ്യത്തില്ല. അതുകൊണ്ട് തന്നെ വൻ ബുക്കിങ് ആണ് വാഹനത്തിന് ലഭിക്കുന്നത്. ഇതിനകം തന്നെ 20,000ൽ അധികം ബുക്കിങ് ഈ വാഹനത്തിന് ലഭിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് കാറിന്റെ ഡെലിവറിയും ആരംഭിച്ചു.
റെക്കോർഡ് ബുക്കിങ്
ഇന്നലെ മുതലാണ് ടാറ്റ ടിയാഗോ ഇവിയുടെ ഡെലിവറി ആരംഭിച്ചത്. വാഹനത്തിന്റെ ബുക്കിങ് കഴിഞ്ഞ വർഷം തന്നെ ആരംഭിച്ചിരുന്നു. ഒരു ദിവസം കൊണ്ട് ഏകദേശം 10,000 ബുക്കിങ്ങുകളാണ് ഈ വാഹനം നേടിയത്. വാഹനത്തിന്റെ പ്രാരംഭ വില ആദ്യത്തെ 10,000 ബുക്കിങ്ങിന് മാത്രമേ ബാധകമാവുകയുള്ളു എന്നാണ് ടാറ്റ ആദ്യം അറിയിച്ചിരുന്നത്.
ഒറ്റ ദിവസം കൊണ്ട് 10000 ആളുകൾ ടാറ്റ ടിയാഗോ ഇവി ബുക്ക് ചെയ്തതോടെ പ്രാരംഭ വില എന്ന ഓഫർ കമ്പനി അടുത്ത 10000 കാറുകൾക്ക് കൂടി നീട്ടി നൽകി. അതുകൊണ്ട് തന്നെ മൊത്തത്തിൽ 20,000 ഉപഭോക്താക്കൾക്ക് ഓഫറിന്റെ ഭാഗമായി കുറഞ്ഞ വിലയിൽ വാഹനം ബുക്ക് ചെയ്യാൻ സാധിച്ചു. ടാറ്റ ടിയാഗോ ഇവിയുടെ 2,000 യൂണിറ്റുകൾ കമ്പനി ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.
വില
ടാറ്റ ടിയാഗോ ഇവിയുടെ എക്സ് ഷോറൂം വില 8.49 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. ഹൈഎൻഡ് മോഡലിന് 11.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയുള്ളത്. ഏറ്റവും വില കൂടിയ വേരിയന്റിന് XZ+ ടെക് ലക്സ് എന്ന മോഡലാണ്. ഈ വേരിയന്റിൽ ടാറ്റ 7.2kW എസി ചാർജറാണ് നൽകിയിട്ടുള്ളത്. ഇതിന് 315 കിലോമീറ്റർ റേഞ്ച് നൽകാൻ സാധിക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു.
ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ടാറ്റ ടിയാഗോ ഇവി പുറത്തിറക്കിയിരിക്കുന്നത്. 315 കിലോമീറ്റർ MIDC റേഞ്ചുള്ള മോഡലിൽ 24 kWh ബാറ്ററി പാക്കാണ് ടാറ്റ നൽകിയിട്ടുള്ളത്. ഈ മോഡലിന് വിലയും കൂടുതലാണ്. 19.2 kWh ബാറ്ററി പാക്കുള്ള വേരിയന്റും ടാറ്റ ടിയാഗോ ഇവിയിലുണ്ട്. ഈ മോഡൽ 250 കിലോമീറ്റർ റേഞ്ച് നൽകുന്നു.
ചാർജിങ് ഓപ്ഷനുകൾ
നാല് ചാർജിങ് ഓപ്ഷനുകളാണ് ടാറ്റ ടിയാഗോ ഇലക്ട്രിക്ക് കാറിൽ ഉള്ളത്. 15എ സോക്കറ്റ്, 3.3 കിലോവാട്ട് എസി ചാർജർ, 7.2 കിലോവാട്ട് എസി ഹോം ചാർജർ, ഡിസി ഫാസ്റ്റ് ചാർജർ എന്നിവയാണ് ഈ ചാർജിങ് ഓപ്ഷനുകൾ. ഇവ ഓരോന്നും ഓരോ സമയം എടുത്താണ് വാഹനത്തിന്റെ ബാറ്ററി ചാർജ് ചെയ്യുന്നത്. വില കൂടിയ വേരിയന്റുകളിൽ ലഭിക്കുന്ന ചാർജറുകൾ വേഗത്തിൽ ചാർജിങ് പൂർത്തിയാക്കുന്നു.
ഡിസൈനും ഇന്റീരിയറും
ടാറ്റ ടിയാഗോ ഇവി പെട്രോൾ എഞ്ചിൻ മോഡലായ ടിയാഗോയ്ക്ക് സമാനമായ ഡിസൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ടിയാഗോയിലുള്ള അതേ ഡിസൈനിൽ മികച്ച ഇന്റീരിയർ തന്നെയാണ് ടാറ്റ ടിയാഗോ ഇവിയിലുള്ളത്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മറ്റ് കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയുള്ള 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഈ കാറിൽ നൽകിയിട്ടുണ്ട്.
മറ്റ് സവിശേഷതകൾ
ടാറ്റ നെക്സൺ ഇവി മാക്സിലൂടെ ടാറ്റ പുറത്തിറക്കിയ മൾട്ടി മോഡ് റീജൻ ബ്രേക്കിങ് സംവിധാനവും ടിയാഗോ ഇവിയിൽ നൽകിയിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിങ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിങ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സവിശേഷതകളും ടാറ്റ ടിയാഗോ ഇവിയിലുണ്ട്.
Read More: ഡീസലിന് പകരം പെട്രോളടിച്ചോ?, നേരെ തിരിച്ചായാലും പേടിക്കേണ്ട, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം