ബഹ്റെെൻ: ഡെലിവറിക്ക് കൊണ്ട് പോയ ഭക്ഷണം പൊതുസ്ഥലത്തുവെച്ച് കഴിക്കുന്ന തലാബത്ത് ഡെലിവറി ജീവനക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി. ജീവനക്കാരൻ തന്റെ ബൈക്ക് റോഡരികിൽ നിർത്തി ഡെലിവറി കാരിയേജ് തുറന്ന് ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ട്വിറ്ററിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നത്. യുഎഇയിൽ നിന്നുള്ളവർ ആണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിട്ടത്. ഉടൻ നടപടി വേണം എന്ന് ആവശ്യപ്പെട്ട് പലരും അധികൃതരെ ടാക് ചെയ്താണ് വീഡിയോ പങ്കുവെച്ചത്.
എന്നാൽ വീഡിയോ യുഎഇയിൽ നിന്നുള്ളത് അല്ലെന്നും, ബഹ്റൈനിൽ നിന്നുള്ളതാണെന്നും തലാബത്ത് അറിയിച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വീഡിയോയിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങൾ ആരോഗ്യ-സുരക്ഷാ നയങ്ങൾക്ക് വിരുദ്ധമാണ്. കാൻസൽ ചെയ്ത ഓർഡറിൽ നിന്നുള്ള ഭക്ഷണം ആണോ കഴിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അന്വേഷണങ്ങളുടെ ഭാഗമായി ജീവനക്കാരനെ സസ്പെൻഡ് ചെയ്തെന്ന് തലബാത്ത് അധികൃതർ അറിയിച്ചു.
ഡെലിവറി ചെയ്യാനുള്ള ഭക്ഷണം ആണെങ്കിൽ അത് ഒരിക്കലും പൊതുസ്ഥലത്തുവെച്ച് ജീവനക്കരൻ ഭക്ഷിച്ചത് ശരിയായില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന വാദം. അതേസമയം ഡെലിവറിക്കുള്ള ഭക്ഷണപൊതികളിൽ കൂടുതൽ സുരക്ഷാ സംവിധാനം കമ്പനി കൊണ്ടുവരണം എന്നാണ് മറ്റു ചിലർ അഭിപ്രായപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനി സ്വീകരിക്കേണ്ട നടപടികൾ എല്ലാം പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്.