Sports

ടി 20 ലോകകപ്പ്; സൂപ്പര്‍ ഓവറില്‍ ഒമാനെ വീഴ്ത്തി നമീബിയ, ഹീറോയായി ഡേവിഡ് വീസെ

Published

on

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഒമാനെതിരെ നമീബിയയ്ക്ക് ത്രില്ലർ വിജയം. ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ 11 റണ്‍സിനാണ് നമീബിയ ഒമാനെ കീഴടക്കിയത്. ആദ്യം ബാറ്റുചെയ്ത ഒമാന്‍ 109 റണ്‍സില്‍ ഓള്‍ഔട്ടായെങ്കിലും ബൗളിങ്ങില്‍ ഗംഭീരമായി തിരിച്ചുവരികയായിരുന്നു. കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയയുടെ ഇന്നിങ്‌സ് 109 റണ്‍സില്‍ തന്നെ അവസാനിപ്പിക്കാന്‍ ഒമാന് സാധിച്ചു. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.

സൂപ്പര്‍ ഓവറില്‍ നമീബിയന്‍ ബാറ്റര്‍മാര്‍ മിന്നും പ്രകടനം പുറത്തെടുത്തതോടെ ഒമാന്‍ കീഴടങ്ങി. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 21 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഒമാന് 10 റണ്‍സാണ് നേടാനായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച ഡേവിഡ് വീസെയാണ് നമീബിയയുടെ വിജയശില്‍പ്പി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ 19.4 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി. 39 പന്തില്‍ 34 റണ്‍സെടുത്ത ഖാലിദ് കെയ്ലാണ് ഒമാന്റെ ടോപ് സ്‌കോറര്‍. സീഷന്‍ മക്സൂദ് (22), അയാന്‍ ഖാന്‍ (15), ഷക്കീല്‍ അഹ്‌മദ് (11) എന്നിവര്‍ മാത്രമാണ് ഒമാന്‍ നിരയില്‍ പിന്നീട് രണ്ടക്കം കടന്നത്. നമീബിയയ്ക്ക് വേണ്ടി റൂബന്‍ ട്രംപല്‍മാന്‍ നാലും ഡേവിഡ് വീസ് മൂന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയയ്ക്ക് മൈക്കേല്‍ വാന്‍ ലിങ്കനെ (0) തുടക്കം തന്നെ നഷ്ടമായി. ശേഷം ക്രീസിലൊരുമിച്ച നിക്കോ ഡാവിനും ജാന്‍ ഫ്രൈലിങ്കും ചെറുത്തുനിന്നു. ഫ്രൈലിങ്ക് 48 പന്തുകളില്‍ 45 റണ്‍സ് നേടിയപ്പോള്‍ ഡാവിന്‍ 31 പന്തുകളില്‍ 24 റണ്‍സ് നേടി. എന്നാല്‍ റണ്‍സ് ഉയര്‍ത്താന്‍ ഇരുവര്‍ക്കും കഴിയാതിരുന്നത് നമീബിയയെ സമ്മര്‍ദ്ദത്തിലാക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഒമാന്‍ മത്സരം വരുതിയിലാക്കി.
അവസാന ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ അഞ്ച് റണ്‍സായിരുന്നു നമീബിയയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഓവറിലെ ആദ്യ പന്തില്‍ തന്നെ മെഹ്‌റാന്‍ ഫ്രൈലിങ്കിനെ വീഴ്ത്തി. ശേഷം മൂന്നാം പന്തിലും മെഹ്‌റാന്‍ വിക്കറ്റ് സ്വന്തമാക്കിയതോടെ നമിബിയയുടെ വിജയലക്ഷ്യം മൂന്ന് പന്തുകളില്‍ അഞ്ച് റണ്‍സായി മാറി. എന്നാല്‍ പിന്നീടുള്ള മൂന്ന് പന്തുകളില്‍ നാല് റണ്‍സ് മാത്രമാണ് നമിബിയയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version