World

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ സഹോദരന് കവചമായി സിറിയൻ പെൺകുട്ടി

Published

on

ഡമാസ്കസ്: നിരവധിയാളുകളുടെ ജീവനെടുത്ത ഭൂചലനത്തിന്റെ മനംമടുപ്പിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ തുർക്കി സിറിയ അതിർത്തിയിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1,5000ത്തിലധികം ആളുകളുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇനിയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധിയാളുകളാണ്.

തകർന്നുകിടക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ തങ്ങളുടെ ഉറ്റവരുടെ ജീവനായി കാത്തിരിക്കുകയാണ് പലരും. ഭീതിപ്പെടുത്തുകയും കരളലിയിപ്പിക്കുകയും ചെയ്യുന്ന രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഒരു വീഡിയോ ദൃശ്യങ്ങൾക്കിടയിൽ തന്റെ കുഞ്ഞു സഹോദരനെ സംരക്ഷിച്ച ഒരു പെൺകുട്ടിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

കോൺക്രീറ്റ് പാളിക്കടിയിൽ കുടുങ്ങിക്കിടക്കുന്ന അനിയന് കവചമായി ശരീരത്തിൽ അത് താങ്ങിപ്പിടിച്ച് നിൽക്കുന്ന ഏഴ് വയസ്സുകാരിയായ സഹോദരിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകരേയും കാത്ത് നീണ്ട 17 മണിക്കൂറാളം സമയമാണ് സഹോദരനെ ചേർത്തു പിടിച്ച് പെൺകുട്ടി കിടന്നത്. മരംകോച്ചുന്ന തണുപ്പത്ത് ഭയന്നു കരഞ്ഞ സഹോരദനെ ആശ്വസിപ്പിച്ചാണ് ഈ കുഞ്ഞുചേച്ചി സംരക്ഷിച്ചത്. ഇരുവരും സുരക്ഷിതരായി പുറത്തെത്തിച്ചതായാണ് റിപ്പോർട്ടുകൾ. ഇരുവരുടേയും മറ്റൊരു ചിത്രവും പുറത്തുവന്നിട്ടുണ്ട്.

യുഎൻ പ്രതിനിധി മുഹമ്മദ് സഫയാണ് ഇതിന്റെ വീഡിയോയും ചിത്രങ്ങളും ആദ്യം പങ്കുവച്ചിരിക്കുന്നത്.

17 മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നപ്പോൾ രക്ഷിക്കുന്നതിന് വേണ്ടി അനുജന്റെ തലയിൽ കൈകൾകൊണ്ട് ഏഴ് വയസ്സുകാരി ഒരു കവചമുണ്ടാക്കി. എന്നാൽ, ഈ വീഡിയോ ആരും പങ്കിടുന്നില്ല. അവൾ മരിച്ചാൽ എല്ലാവരും ഷെയർ ചെയ്യുമായിരുന്നു! ദയവായി ഇത്തരത്തിലുള്ള പോസിറ്റിവിറ്റി പങ്കിടൂ എന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.

ഇതിന് പിന്നാലെ നിരവധിയാളുകൾ വീഡിയോകൾ ട്വിറ്ററിലൂടെയും മറ്റും പങ്കുവച്ച് രംഗത്തുവന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ധീരയായ പെൺകുട്ടിക്ക് അനന്തമായ അഭിന്ദനങ്ങൾ എന്ന് ട്വീറ്റ് ചെയ്താണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പ്രദേശത്തെ കനത്ത തണുപ്പിനേയും മഞ്ഞുവീഴ്ചയേയും അതിജീവിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഏകദേശം രണ്ട് കോടിയിലധികം ജനങ്ങളെയാണ് ദുരിതം പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ മരണസംഖ്യ 20,000ത്തിന് മുകളിലേക്ക് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന കരുതുന്നത്. ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ ഇരുരാജ്യങ്ങൾക്കും സഹായഹസ്തവുമായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version