കുവൈറ്റ് സിറ്റി: കുവൈറ്റിലെ പുതിയ കിരീടാവകാശിയായി നിയമിതനായ ചെയ്യപ്പെട്ട ഷെയ്ഖ് സബാഹ് അല്‍ ഖാലിദ്, കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് മുമ്പാകെ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തു. സെയ്ഫ് കൊട്ടാരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പുതിയ കിരീടാവകാശിയെ സ്വീകരിച്ച അമീര്‍ അദ്ദേഹത്തെ ഡെപ്യൂട്ടി അമീറായി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഷെയ്ഖ് സബാഹ് അല്‍ ഖാലിദിനെ കുവൈറ്റ് കിരീടാവകാശിയായി അമീര്‍ പ്രഖ്യാപിച്ചത്.
കിരീടാവകാശി പദവിയില്‍ തന്നെ നിയമിക്കുന്നതിലൂടെ അമീര്‍ തന്നലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നതായി സത്യ പ്രതിജ്ഞയ്ക്കു ശേഷം നടത്തി ഹ്രസ്വ പ്രസംഗത്തില്‍ അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ വികസന നവോത്ഥാനം തുടരാനും ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനം നടത്താനും താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവത്തെയും അമീറിനെയും കുവൈറ്റ് ജനതയെയും സാക്ഷി നിര്‍ത്തി താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ മുന്‍ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്നാണ് അന്നത്തെ കിരീടാവകാശി ഷെയ്ഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അമീറായി ചുമതലയേറ്റത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുതിയ കിരാടാവകാശിയായി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിനെ അമീര്‍ നിമിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി കൂടിയായ അദ്ദേഹം, ദീര്‍ഘകാലം ഉപപ്രധാനമന്ത്രിയും വിവിധ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിരുന്നു.
1896 നും 1915 നും ഇടയില്‍ കുവൈത്ത് ഭരിച്ച ഷെ യ്ഖ് മുബാറക് അല്‍ കബീറിന്റെ പിന്‍ഗാമികളില്‍ നിന്നുള്ളവരാണ് രാജ്യത്തിന്റെ അമീറും കിരീടാവകാശിയുമാവുക. കുവൈറ്റ് ഭരണഘടന പ്രകാരം പുതിയ കിരീടാവകാശിയെ ദേശീയ അസംബ്ലി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പുതിയ അമീര്‍ അസംബ്ലി പിരിച്ചുവിടുകയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ഭാഗങ്ങള്‍ നാല് വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്തതിനാല്‍ അദ്ദേഹത്തിന് അംഗീകാരം ആവശ്യമില്ല.