ന്യൂഡൽഹി: സംഘർഷം തുടരുന്ന മണിപ്പൂർ സന്ദർശിക്കാനുള്ള തീരുമാനത്തിലുറച്ച് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാള്‍. സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാതി മാലിവാൾ സർക്കാരിന് കത്തെഴുതി. സുരക്ഷാകാരണങ്ങൾ മുൻനിർത്തി സന്ദർശനം ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശം തള്ളുകയാണ് സ്വാതി മാലിവാൾ.
ലൈംഗികാതിക്രമത്തിന് ഇരയായവരെ സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ മതിയായ സൗകര്യം ഒരുക്കണമെന്നും മാലിവാള്‍ ആവശ്യപ്പെട്ടു. മണിപ്പൂർ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിനെ കാണാനും അനുമതി തേടിയിട്ടുണ്ട്. യാത്ര മാറ്റിവയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും മുൻനിശ്ചയിച്ച പ്രകാരം തന്നെ സ്വാതി മാലിവാൾ ഇംഫാലിലേക്ക് തിരിക്കുകയായിരുന്നു.
മണിപ്പൂർ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂർ മുഖ്യമന്ത്രിക്കെഴുതിയ കത്തിന്‍റെ പകർപ്പും മാലിവാൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന് പ്രശ്‌നമായി മാറുന്നതൊന്നും താൻ ചെയ്യില്ലെന്നും അവർ കത്തിൽ പറയുന്നുണ്ട്. മണിപ്പൂരിൽ നിന്ന് നിരവധി സ്ത്രീകൾ ഡൽഹിയിലേക്ക് എത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് താൻ മണിപ്പൂർ സന്ദർശിക്കുന്നതെന്നും മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ സ്വാതി മാലിവാൾ പറയുന്നു.
മെയ്തെയ് വിഭാഗത്തിനെതിരായ ഭീഷണിയെത്തുടര്‍ന്ന് മിസോറമില്‍ അതീവജാഗ്രത തുടരുകയാണ്. മെയ്തെയ്കള്‍ മിസോറം വിടണമെന്ന ആഹ്വാനത്തെ തുടർന്ന് ആശങ്കയുയർന്നിരിക്കുകയാണ്. മണിപ്പൂരിൽ നിന്ന് അക്രമത്തിനിരയായ കൂടുതൽ ആളുകളുടെ വെളിപ്പെടുത്തലുകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.