ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ (India vs West Indies ODI) അവസാന മത്സരം ചൊവ്വാഴ്ച നടക്കാനിരിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ബാർബഡോസിലെ കെൻസിങ്ടൺ ഓവലിലാണ് നടന്നതെങ്കിൽ അവസാന ഏകദിനത്തിന് ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയമാണ് വേദിയാകുന്നത്. ആദ്യ ഏകദിനങ്ങളിൽ നിന്ന് വ്യത്യസ്തമായി ബാറ്റിങ് അനുകൂലവിക്കറ്റാകും ട്രിനിഡാഡിൽ ഒരുക്കുകയെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.
മൂന്നാം ഏകദിനത്തെ ഇന്ത്യ എങ്ങനെയാകും സമീപിക്കുകയെന്ന കാര്യത്തിൽ ആരാധകർക്ക് വലിയ ആകാംക്ഷയുണ്ട്. ആദ്യ രണ്ട് കളികളിലും പരീക്ഷണങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരുന്നു ഇന്ത്യ കളിച്ചത്. എന്നാൽ പരമ്പര തീരുമാനിക്കപ്പെടുന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യ പരീക്ഷണങ്ങൾ തുടരുമോയെന്ന് കണ്ടറിയണം. അതേ സമയം മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ചില നിർണായക മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്നാം ഏകദിനത്തിൽ ആദ്യ പന്തെറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ സാധ്യത ഇലവൻ പരിശോധിക്കാം.