ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും മറികടന്ന് മുന്നേറി യുവതാരം യശസ്വി ജയ്സ്വാള്‍. പുതിയ റാങ്കിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നേറി യശസ്വി പന്ത്രണ്ടാം സ്ഥാനത്തെത്തി. ഒരു സ്ഥാനം താഴേക്കിറങ്ങിയ രോഹിത് പതിമൂന്നാം സ്ഥാനത്താണ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന വിരാട് കോലി രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഒമ്പതാമതാണ്. ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലി മാത്രമാണ് യശസ്വിക്ക് മുന്നിലുള്ളത്. നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ സ്റ്റീവ് സ്മിത്ത് രണ്ടാമതും കെയ്ന്‍ വില്യംസണ്‍ ഒന്നാമതുമാണ്.
നാലാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ശുഭ്മാന്‍ ഗില്‍ നാലു സ്ഥാനങ്ങള്‍ ഉയര്‍ന്ന് 31-ാം സ്ഥാനത്തെത്തി. ടെസ്റ്റ് ബൗളിംഗ് റാങ്കിഗില്‍ നാലാം ടെസ്റ്റില്‍ കളിച്ചില്ലെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബുമ്രക്ക് പിന്നില്‍ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് മാത്രം വീഴ്ത്തി നിരാശപ്പെടുത്തിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു.
രവീന്ദ്ര ജഡേജ ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 33-ാം സ്ഥാനതത്തെത്തി. ടെസ്റ്റ് ടീം റാങ്കിംഗില്‍ 117 പോയന്‍റുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇത്രയും പോയന്‍റുള്ള ഇന്ത്യ രണ്ടാമതും 115 പോയന്‍റുള്ള ഇംഗ്ലണ്ട് മൂന്നാമതുമാണ്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലും ജയിച്ച് പരമ്പര 4-1ന് സ്വന്തമാക്കിയാല്‍ ടീം റാങ്കിംഗില്‍ ഇന്ത്യക്ക് ഓസ്ട്രേലിയയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനാവും. എന്നാല്‍ ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയും ഫലം ടീം റാങ്കിംഗില്‍ പ്രതിഫലിക്കും.