Gulf

വേനല്‍ അവസാനിക്കുന്നു; ദുബായില്‍ വീണ്ടും സജീവമാവുന്ന അഞ്ച് ജനപ്രിയ വിനോദകേന്ദ്രങ്ങള്‍ അറിയാം

Published

on

ദുബായ്: അംബരചുംബികള്‍ക്കും ആഡംബരങ്ങള്‍ക്കും മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള വിനോദസഞ്ചാരികള്‍ക്കും അവധിക്കാല യാത്രികര്‍ക്കും ചേതോഹരമായ മുഹൂര്‍ത്തങ്ങളും ആഹ്ലാദവേളകളും സമ്മാനിക്കാന്‍ ദുബായ് നഗരത്തിന് നിരവധി മാര്‍ഗങ്ങളുണ്ട്. കുടുംബങ്ങളുടെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ദുബായ് മാറിയതും ഇതുകൊണ്ടാണ്. വേനല്‍ അവസാനത്തോടെ നഗരത്തിലെ വിനോദകേന്ദ്രങ്ങള്‍ വീണ്ടും സജീവമാവുകയാണ്.

ഏറ്റവും പുതിയ ആഗോള റാങ്കിങില്‍ ജനപ്രിയ വേനല്‍ക്കാല ലക്ഷ്യസ്ഥാനങ്ങളില്‍ ദുബായ് ആറാം സ്ഥാനം നേടിയിരുന്നു. ത്രസിപ്പിക്കുന്ന സാഹസികതകള്‍ മുതല്‍ അതിമനോഹരമായ കാഴ്ചകള്‍ വരെ ഇവിടെയുണ്ട്. വാണിജ്യകേന്ദ്രങ്ങള്‍, സാംസ്‌കാരിക-വിനോദ പരിപാടികള്‍ തുടങ്ങി എല്ലാ തരത്തിലുള്ളവര്‍ക്കും എന്തെങ്കിലുമൊക്കെ അടുത്തറിയാന്‍ നഗരം പലതും കരുതിവച്ചിട്ടുണ്ട്. ഈ വേനല്‍ക്കാലത്തിന്റെ അവസാനത്തില്‍ വീണ്ടും തുറക്കാന്‍ പോകുന്ന അഞ്ച് മികച്ച വിനോദകേന്ദ്രങ്ങളും അവ തുറക്കുന്ന തീയതികളും ചുവടെ.

1. ഗ്ലോബല്‍ വില്ലേജ്

മള്‍ട്ടി കള്‍ച്ചറല്‍ ഫാമിലി ഡെസ്റ്റിനേഷനായ ദുബായ് ഗ്ലോബല്‍ വില്ലേജ് ഈ വര്‍ഷം ഒരാഴ്ച മുമ്പ് തുറക്കും. 28ാമത് സീസണ്‍ ഒക്ടോബര്‍ 18 മുതലാണ്. ഫാമിലി തീം പാര്‍ക്ക് 194 ദിവസത്തേക്ക് തുറന്നിരിക്കും. 2024 ഏപ്രില്‍ 28ന് അടയ്ക്കും.

ഇത്തവണ കുറച്ച് ദിവസം മുമ്പ് തന്നെ തുറന്ന് സന്ദര്‍ശകര്‍ക്ക് ഉല്ലാസപ്രദമായ വിനോദവും സാംസ്‌കാരിക വൈവിധ്യവും സമാനതകളില്ലാത്ത ആകര്‍ഷണങ്ങളും നല്‍കാന്‍ ഗ്ലോബല്‍ വില്ലേജ് ആലോചിക്കുന്നുണ്ട്.

2. ദുബായ് ഗാര്‍ഡന്‍ ഗ്ലോ

ഈ മാസം 15ന് ദുബായ് ഗാര്‍ഡന്‍ ഗ്ലോ പുതിയ അനുഭവങ്ങളും ആകര്‍ഷകമായ തീമുമായി തിരിച്ചെത്തുകയാണ്. സീസണ്‍-9 സെപ്റ്റംബര്‍ 15ന് ആരംഭിക്കും. ഒരു കോടിയിലധികം ഊര്‍ജസംരക്ഷണ ലൈറ്റ് ബള്‍ബുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച ചലിക്കുന്നതും തിളങ്ങുന്നതുമായ നൂറുകണക്കിന് വര്‍ണാഭമായ വിളക്കുകള്‍ സബീല്‍ പാര്‍ക്കിലെ ആകര്‍ഷണമാണ്. ലോകത്തിലെ ഏറ്റവും വലിയ ഗ്ലോ ഗാര്‍ഡന്‍ ഉള്ള നാല് വ്യത്യസ്ത പാര്‍ക്കുകള്‍ ഇവിടെയുണ്ട്. സൂര്യാസ്തമയത്തിനു ശേഷം ‘ആര്‍ട്ട് ബൈ ഡേ’, ‘ഗ്ലോ ബൈ നൈറ്റ്’ എന്നിങ്ങനെ മിന്നുന്ന പൂന്തോട്ടങ്ങള്‍ സജീവമാകുന്നു. ഗ്ലോയിങ് സഫാരിയുടെ ഭാഗമായി മൃഗങ്ങളുടെയും പൂക്കളുടെയും ആകൃതിയിലുള്ള ഡസന്‍ കണക്കിന് വിളക്കുകളും അലങ്കരിച്ചിരിക്കുന്നു. പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ദിനോസര്‍ പാര്‍ക്കില്‍ നൂറിലധികം ആനിമേട്രോണിക് ദിനോസറുകളുണ്ട്.

3. ഹത്ത റിസോര്‍ട്ടുകള്‍

സെപ്റ്റംബര്‍ 15നാണ് വീണ്ടും തുറക്കുന്നത്. ലോഡ്ജുകള്‍ക്കു പുറമേ സാഹസിക ഔട്ട്‌ഡോര്‍ ക്യാംപിങ് അനുഭവങ്ങള്‍ക്കായി കാരവാനുകളും ട്രെയിലറുകളും ഒരുക്കിയിരിക്കുന്നു. വ്യതിരിക്തമായ അനുഭവം ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് ഹത്ത റിസോര്‍ട്ടിലെ ഇഗ്ലൂസിനോട് സാമ്യമുള്ളതും ചുറ്റുമുള്ള ഭൂപ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നതുമായ താമസകേന്ദ്രം തിരഞ്ഞെടുക്കാം.

ദുബായില്‍ നിന്ന് 90 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ ഇവിടെയെത്താം. സിപ്‌ലൈനിങ്, മൗണ്ടന്‍ ബൈക്കിങ്, റോക്ക് ക്ലൈംബിങ്, പാരാഗ്ലൈഡിങ് എന്നിങ്ങനെയുള്ള ആവേശകരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാം.

4. മിറാക്കിള്‍ ഗാര്‍ഡന്‍

ദുബായ് മിറാക്കിള്‍ ഗാര്‍ഡനും വേനല്‍ക്കാലത്തിനു ശേഷം വീണ്ടും തുറക്കുകയാണ്. ഒക്‌ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ മനോഹരമായ പുഷ്പ വിസ്മയഭൂമിയിലേക്ക് സന്ദര്‍ശനം അനുവദിക്കും. സീസണ്‍ 12ലെ സന്ദര്‍ശകരുടെ മനസ് കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ എന്തായിരിക്കുമെന്നതിന്റെ ചെറു വീഡിയോ ടീസര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശൈത്യകാലത്ത് ദുബായിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഈ പുഷ്പ പറുദീസ മായിക കാഴ്ചതന്നെ. അതിമനോഹരമായ പുഷ്പാലങ്കാരങ്ങളും ക്രമീകരണങ്ങളും ഇവിടെയുണ്ട്.

5. ദുബായ് സഫാരി

സിംഹങ്ങള്‍, കടുവകള്‍, കലമാനുകള്‍, വിവിധതരം ആള്‍ക്കുകങ്ങുകള്‍, ഉരഗങ്ങള്‍, പക്ഷികള്‍ എന്നിവയുള്‍പ്പെടെ മൂവായിരത്തോളം മൃഗങ്ങള്‍ വസിക്കുന്ന ദുബായ് സഫാരി പാര്‍ക്ക് ഉടന്‍ തന്നെ സന്ദര്‍ശകര്‍ക്കായി തുറക്കും. തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷാവസാനം ബുക്കിങ് ആരംഭിക്കും. ഒരാള്‍ക്ക് 50 ദിര്‍ഹത്തിന് ഒരു ഡേ പാസ് ലഭിക്കും. മൂന്ന് മുതല്‍ 12 വരെ പ്രായക്കാര്‍ക്ക് 20 ദിര്‍ഹം മതി. മൂന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version