ദുബായ്: ബഹിരാകാശ ശാസ്ത്രജ്ഞന്‍ സുല്‍ത്താന്‍ അല്‍ നെയാദി ഇനി യുഎഇയുടെ യുവജനകാര്യ മന്ത്രി. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുവജനങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ നിന്നാണ് തീരുമാനം. ആറുമാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തീകരിച്ച് സെപ്റ്റംബർ നാലിന് ആണ് സുല്‍ത്താന്‍ അല്‍ നെയാദിയും മറ്റ് ശാസ്ത്രഞ്ജരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിയെത്തിയത്.
പുതിയ ഉത്തരവാദിത്തത്തിന് പുറമെ നെയാദി തന്റെ ശാസ്ത്ര, ബഹിരാകാശ ചുമതലകൾ നിർവഹിക്കുന്നത് തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കൂടാതെ സുൽത്താൻ അൽ നെയാദിയ്ക്ക് ആശംസകളും നേർന്നു.186 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരി എന്ന നിലയിൽ നെയാദി ചരിത്രം സൃഷ്ടിച്ചു. ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യത്തില്‍ 200ലേറെ പരീക്ഷണങ്ങളാണ് നെയാദി നടത്തിയത്.
യുവജന മന്ത്രിക്ക് പുറമെ നാല് നിയമനങ്ങൾ കൂടി ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സാമ്പത്തിക കാര്യങ്ങളുടെ ഉപപ്രധാനമന്ത്രിയാകും. മുഹമ്മദ് ബിൻ മുബാറക് ഫാദൽ അൽ മസ്‌റൂയിയെ പ്രതിരോധ കാര്യ സഹമന്ത്രിയായും മന്ത്രിസഭാംഗമായും നിയമിച്ചു. 2024 ഒരു നല്ല വർഷമായിരിക്കുമെന്നും എമിറേറ്റ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരവും മഹത്തായതുമായ വർഷമായിരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ആശംസിച്ചു.