Gulf

ബഹിരാകാശത്ത് ‘ജിയു ജിറ്റ്‌സു’ ടെക്‌നിക്കുകള്‍ അവതരിപ്പിച്ച് സുല്‍ത്താന്‍ അല്‍ നെയാദി; മടക്കം ഈ മാസം 31ന്

Published

on

അബുദാബി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് ആയോധനകലയായ ‘ജിയു ജിറ്റ്‌സു’ മുറകള്‍ അവതരിപ്പിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് യുഎഇ ബഹിരാകാശയാത്രികന്‍ സുല്‍ത്താന്‍ അല്‍ നെയാദി. ‘എന്റെ ബഹിരാകാശ ദൗത്യം ജിയു ജിറ്റ്‌സുവിനോടുള്ള എന്റെ അഭിനിവേശം വര്‍ധിപ്പിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് അല്‍ നെയാദി ലഘുവീഡിയോ അയച്ചത്.

ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യ അറബ് വംശജന്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഏറ്റവുമധികം ദിവസം താമസിച്ച അറബ് ലോകത്തെ ആദ്യ യാത്രികന്‍ തുടങ്ങിയ ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കിയ സുല്‍ത്താന്‍ അല്‍നെയാദി ഈ മാസം അവസാനം ഭൂമിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍, നീല യൂണിഫോമും പര്‍പ്പിള്‍ ബെല്‍റ്റും ധരിച്ച അല്‍ നെയാദി നിരവധി ജിയു ജിറ്റ്‌സു അഭ്യാസമുറകള്‍ ചെയ്യുന്നത് കാണാം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചിരുന്ന സമയത്ത് മൈക്രോഗ്രാവിറ്റിയില്‍ പരിശീലിച്ചതാണ് ഇവ.

പരമ്പരാഗത ജിയു ജിറ്റ്‌സു സല്യൂട്ട് ചെയ്താണ് നെയാദി വീഡിയോ ആരംഭിക്കുന്നത്. വായുവില്‍ കരണംമറിയുന്നതും കാലുകള്‍ മടക്കി ഇരിക്കുന്നതും ബാക്ക് റോളുകളും ചില സ്‌ക്വാറ്റുകളും വീഡിയോയില്‍ കാണാം. വര്‍ഷങ്ങളായി ഈ ആയോധനകല പരിശീലിക്കുന്നുണ്ടെന്നും മൈക്രോ ഗ്രാവിറ്റിയില്‍ നീങ്ങാനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്താനും ബഹിരാകാശ നടത്തത്തിലും ഇത് സഹായിച്ചെന്നും നെയാദി കുറിച്ചു. ഞാന്‍ ഇഷ്ടപ്പെടുന്ന ചില ‘ജിയു ജിറ്റ്‌സു’ ടെക്‌നിക്കുകള്‍ നിങ്ങളുമായി പങ്കിടുന്നു എന്നും നെയാദി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. അല്‍ നെയാദിയും അദ്ദേഹത്തിന്റെ കൂടെയുള്ള ആറംഗ സംഘവും ഓഗസ്റ്റ് 31 വ്യാഴാഴ്ച ഭൂമിയിലേക്ക് മടങ്ങും. നാസ ബഹിരാകാശയാത്രികരായ സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികന്‍ ആന്ദ്രേ ഫെഡ്‌യേവ് ഈ മാസം തിരിച്ചെത്തും. കഴിഞ്ഞ ദിവസം ബഹിരാകാശത്തുനിന്നുള്ള ഹിമാലയത്തിന്റെ ചിത്രങ്ങള്‍ അല്‍ നെയാദി പങ്കുവച്ചിരുന്നു.

ബ്രസീലിയന്‍ സ്വയംപ്രതിരോധ ആയോധന കലയും പോരാട്ട കായിക ഇനവുമാണ് ജിയു ജിറ്റ്‌സു. 1925ല്‍ ബ്രസീലിയന്‍ സഹോദരന്മാരായ കാര്‍ലോസ്, ഓസ്വാള്‍ഡോ, ഗാസ്റ്റോ ജൂനിയര്‍, ഒബ്രിയന്‍, ഹീലിയോ ഗ്രേസി എന്നിവര്‍ ചേര്‍ന്നാണ് ബ്രസീലിയന്‍ ജിയുജിറ്റ്‌സു വികസിപ്പിച്ചെടുത്തത്. ദുര്‍ബലനായ വ്യക്തിക്ക് വലിയ, ശക്തനായ, ഭാരമേറിയ എതിരാളിയെ വിജയകരമായി പ്രതിരോധിക്കാന്‍ കഴിയും എന്ന ആശയത്തെ ചുറ്റിപ്പറ്റിയാണ് ഇത് വികസിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version