യുഎഇ: ബഹിരാകാശത്ത് നിന്ന് ഇന്ത്യക്കാർക്ക് സുൽത്താൻ അൽ നെയാദിയുടെ സ്വാതന്ത്ര്യദിനാശംസകൾ എത്തി. ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയുടെ ചിത്രം പകർത്തി ട്വീറ്റ് ചെയ്താണ് അദ്ദേഹം ഇന്ത്യക്കാർക്ക് ആശംസകൾ അറിയിച്ചത്. മലയാളം ഹിന്ദി, ഉറുദു, കന്നഡ, തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളിൽ നമസ്കാരം എന്ന് ട്വീറ്റിൽ എഴുതിയിട്ടുണ്ട്. ഇംഗ്ലിഷിൽ ആണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ഇന്ത്യക്കാർക്കും രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
ഭൂമിയുടെ സൗന്ദര്യം ആസ്വദിച്ചതിനെക്കുറിച്ച് സുൽത്താൻ അൽ നെയാദി ഒരിക്കൽ പറഞ്ഞിരുന്നു. ദുബായിലെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിന് ഇടയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മനോഹരമായ ഭൂമിയെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അന്ന് അദ്ദേഹം സംസാരിച്ചിരുന്നു. ബഹിരാകാശ നിലയത്തിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഭൂമി എത്ര സുന്ദരമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഹിമാലയത്തിന് മുകളിൽ നീല സമുദ്രം, കാടുകൾ, മലകൾ എല്ലാം കണ്ടപ്പോൾ തനിക്ക് വളരെ സന്ദേശമായി, വളരെ അവിശ്വസനീയമായ കാഴ്ചയായിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.
ഭൂമിയിൽ ജീവിക്കുന്നവർ ഭാഗ്യവാൻമാർ ആണ്. ബഹിരാകാശ നിലയത്തിൽ നിൽക്കുമ്പോൾ ആണ് വെള്ളം, ഓക്സിജൻ എന്നിവയുടെ വില ഞാൻ അറിയുന്നത്. ഭൂമിയിൽ നമുക്ക് ലഭിക്കുന്ന ശുദ്ധമായ അന്തരീക്ഷം ശ്വസിക്കാൻ സാധിക്കുന്നത് തന്നെ വലിയ ഭാഗ്യമാണ്. അതുകൊണ്ട് തന്നെ ഭൂമി നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മാർച്ച് 3നാണ് സുൽത്താൻ അൽ നെയാദി ഐഎസ്എസിൽ എത്തിയത്. ഈ മാസം അവസാനം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ യാത്രാ രാഷ്ട്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉറപ്പിക്കുകയാണ് ചെയ്തിരിക്കുകയാണ് സുൽത്താൻ അൽ നെയാദി. ഒട്ടേറെ ബഹിരാകാശ ദൗത്യങ്ങൾ യുഎഇ നടത്തിയിരുന്നു. ഇതിൽ ചിലതെല്ലാം വലിയ വിജയം ആയിരുന്നു. 2019 സെപ്റ്റംബറിൽ രാജ്യത്തെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരി തന്റെ എട്ട് ദിവസത്തെ ഐഎസ്എസ് ദൗത്യം പൂർത്തിയാക്കിയിരുന്നു. പിന്നീട് 2021 ഫെബ്രുവരിയിൽ യുഎഇയുടെ ഹോപ് പ്രോബ് വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തി. കഴിഞ്ഞ രണ്ട് വർഷമായി ചൊവ്വയുടെ അന്തരീക്ഷത്തിൽ ഹോപ് പ്രോബ് വിജയകരമായി പ്രവർത്തിക്കൊണ്ടിരിക്കുന്നുണ്ട്.