U.A.E

ഒടിപി തട്ടിപ്പിനെതിരായ ബോധവല്‍ക്കരണവുമായി ദുബായില്‍ വിദ്യാര്‍ഥികളുടെ ലേബര്‍ ക്യാമ്പ് സന്ദര്‍ശനം; ലഘുലേഖകള്‍ മലയാളത്തിലും

Published

on

ദുബായ്: ഒടിപി നമ്പര്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ രാജ്യത്ത് വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രവാസി തൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ കാംപയിനുമായി യുഎഇയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ രംഗത്ത്. തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ ലഘുലേഖകള്‍ വിതരണം ചെയ്തുവരികയാണ്.

ഒടിപി തട്ടിപ്പിനെക്കുറിച്ചും ഡിജിറ്റല്‍ ഐഡന്റിറ്റി തെഫ്റ്റിനെക്കുറിച്ചുമാണ് മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ ലഘുലേഖകള്‍ നല്‍കുന്നത്. തൊഴിലാളികള്‍ പുതിയകാലത്തെ തട്ടിപ്പ് രീതികളെ കുറിച്ച് അറിയാന്‍ പ്രത്യേകം താല്‍പര്യം കാണുന്നുണ്ടെന്ന് അല്‍ ഖൂസിലും ജബല്‍ അലിയിലും ഉള്ള ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച അന്‍ഷുമന്‍ ബത്ര, ഹിതാര്‍ത്ഥ് കുക്രേജ, അക്ഷിത് കുമാര്‍ എന്നീ വിദ്യാര്‍ഥികള്‍ പറയുന്നു. ആകെയുണ്ടായിരുന്ന സമ്പാദ്യമായ 10,000 ദിര്‍ഹം നഷ്ടപ്പെട്ട തൊഴിലാളി ഉള്‍പ്പെടെ തട്ടിപ്പിനിരയായ പലരും സ്വന്തം അനുഭവകഥ വിവരിച്ചതായും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. കുറച്ചുകൂടി നേരത്തേ ബോധവല്‍ക്കരണം ലഭിച്ചിരുന്നെങ്കില്‍ സമ്പാദ്യം നഷ്ടമാവില്ലായിരുന്നുവെന്ന് തൊഴിലാളി സാക്ഷ്യപ്പെടുത്തി.

ജെംസ് മോഡേണ്‍ അക്കാദമി ദുബായിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് അല്‍ ഖൂസിലും ജബല്‍ അലിയിലും ഉള്ള ലേബര്‍ ക്യാമ്പുകളിലെത്തിയത്. കുട്ടികള്‍ ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി ഭാഷകളില്‍ സംസാരിച്ചു. മലയാളം, തമിഴ്, സിംഹളീസ്, ഉറുദു ഭാഷകളിലും ലഘുലേഖകളും വിതരണം ചെയ്തു. തട്ടിപ്പുകാര്‍ ഇടയ്ക്കിടെ തന്ത്രങ്ങള്‍ മാറ്റി പലരൂപത്തില്‍ അവതരിക്കുകയാണ്. ടെക്‌നോളജി ഉപയോഗപ്പെടുത്തി നടത്തുന്ന തട്ടിപ്പുകളെ കുറിച്ചും പലര്‍ക്കും വലിയ ധാരണയില്ല.

ഇന്ത്യയിലെ ഒരു മുത്തശ്ശിക്ക് തട്ടിപ്പിനിരയായി 50,000 രൂപ നഷ്ടപ്പെട്ടപ്പോഴാണ് അന്‍ഷുമാന്‍ ബത്രയെ ഇത്തരമൊരു ബോധവല്‍ക്കരണ കാമ്പയിന്‍ നടത്താന്‍ പ്രേരിപ്പിച്ചത്. കുടുംബസുഹൃത്തുക്കളില്‍ ഒരാള്‍ക്ക് 40,000 ദിര്‍ഹം നഷ്ടപ്പെട്ടതായി ഹിതാര്‍ത്ഥും പറഞ്ഞു. നല്ല വിദ്യാഭ്യാസമുള്ള സീനിയര്‍ ബിസിനസ് എക്‌സിക്യൂട്ടീവായിരുന്നു അദ്ദേഹം.

വെള്ളക്കോളര്‍ ജോലിക്കാര്‍ പോലും ഇരയാക്കപ്പെടുമ്പോള്‍ പാവപ്പെട്ട തൊഴിലാളികള്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് തോന്നിയതിനാലാണ് കാംപയിന്‍ ആരംഭിച്ചതെന്നും കുട്ടികള്‍ പറഞ്ഞു. യുഎഇയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ തുടരുമെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു. ഫിഷിംഗ് ഇമെയിലുകളും തട്ടിപ്പുകളും സംബന്ധിച്ച് യുഎഇ നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രാഫിക് ഫൈന്‍ കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ലിങ്കുകള്‍ അയച്ചുനല്‍കി ദുബായ് പോലീസിന്റെ പേരില്‍ ഫിഷിംഗ് ഇമെയിലുകള്‍ അയച്ചാണ് തട്ടിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version