World

വീണ്ടും ഭീതിപടർത്തി കൊവിഡ്; ബ്രിട്ടനിൽ അതിവേഗം പടർന്ന് എരിസ് വകഭേദം; അറിയേണ്ടതെല്ലാം

Published

on

ലണ്ടൻ: ബ്രിട്ടനിൽ ഭീതിപടർത്തി കൊവിഡിന്‍റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. എരിസ് (ഇ.ജി 5.1) എന്ന പേരിൽ അറിയപ്പെടുന്ന വകഭേദമാണ് യുകെയിൽ പടരുന്നത്. ജൂലൈ അവസാനമാണ് എരിസിനെ കൊവിഡ് വകഭേദമായി തിരിച്ചറിഞ്ഞത്. നിലവിൽ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പത്തിലൊന്ന് കൊവിഡ് കേസുകളും എരിസ് വകഭേദമാണെന്നാണ് റിപ്പോർട്ട്.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. റെസ്പിറേറ്ററി ഡാറ്റാമാര്‍ട്ട് സിസ്റ്റം വഴി റിപ്പോര്‍ട്ട് ചെയ്ത 4396 സാമ്പിളുകളില്‍ 5.4 ശതമാനം പേര്‍ക്കും കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗികളുടെ ആശുപത്രി പ്രവേശന നിരക്കും ഉയർന്നിട്ടുണ്ട്.

ഒമിക്രോണിന്‍റെ വകഭേദം എന്ന നിലയിൽ ജലദോഷം, തലവേദന, ക്ഷീണം (മിതമായതോ കഠിനമോ ആയതോ), തുമ്മൽ, തൊണ്ടവേദന എന്നിവയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളാണ് എരിസിനുമുള്ളത്. മോശം കാലാവസ്ഥയും കുറയുന്ന പ്രതിരോധ ശക്തിയുമാണ് എരിസ് വകഭേദം പടർന്നുപിടിക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ വേരിയന്‍റും കൊവിഡ് കേസുകളുടെ വർധനയും കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന തലവൻ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണമെന്നും കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ തലവൻ പറഞ്ഞു.

ഭൂരിഭാഗം ആളുകളും കൊവിഡ് വാക്സിൻ സ്വീകരിച്ച് മാസങ്ങൾ കഴിഞ്ഞതിനാൽ എരിസ് വകേഭദവും മറ്റും കൂടുതലായി വ്യാപിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ കൊവിഡ് വ്യാപനം ഉണ്ടായാൽ സ്ഥിതി കൂടുതൽ വഷളായേക്കും പ്രത്യേകിച്ചും സ്കൂളും ജോലിസ്ഥലങ്ങളും പോലുള്ള സ്ഥലങ്ങളിൽ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version