Sports

വെടിക്കെട്ട് ബാറ്റിങ്ങ് പിന്നാലെ തീപ്പൊരി ബോളിങ്, താരമായി മാർക്കസ് സ്റ്റോയിനിസ്; ഓസ്ട്രേലിയക്ക് വിജയത്തുടക്കം

Published

on

ടി20 ലോകകപ്പിൽ ജയത്തോടെ തുടങ്ങി മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഏഷ്യൻ ടീമായ ഒമാനെതിരെ 39 റൺസിന്റെ ജയമാണ് ഓസീസ് നേടിയത്. ബാർബഡോസിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറുകളിൽ 164/5 എന്ന സ്കോർ നേടിയപ്പോൾ, ഒമാന്റെ മറുപടി 125/9 ൽ ഒതുങ്ങി. കിടിലൻ ഓൾ റൗണ്ട് പ്രകടനം കാഴ്ച വെച്ച ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസാണ് കളിയിലെ കേമൻ.

മത്സരത്തിൽ ടോസ് നേടിയ ഒമാൻ ബോളിങ് തിരഞ്ഞെടുക്കുക യായിരുന്നു. ഒമാൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ ഓസീസ് ബാറ്റർമാർ വിയർക്കുന്നതാണ് കളിയുടെ തുടക്കത്തിൽ കണ്ടത്. ഏകദിന ശൈലിയിലായിരുന്നു ആദ്യ 10 ഓവറിൽ അവരുടെ റൺനിരക്ക്. ഡേവിഡ് വാർണർ 51 പന്തിൽ ആറ് ബൗണ്ടറികളും ഒരു സിക്സറുമടക്കം 56 റൺസ് നേടി. ട്രാവിസ് ഹെഡ് 10 പന്തിൽ 12 റൺസും, മിച്ചൽ മാർഷ് 21 പന്തിൽ 14 റൺസും, ഗ്ലെൻ മാക്സ്‌വെൽ നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിനും പുറത്തായി.

അഞ്ചാം നമ്പരിൽ ബാറ്റിങ്ങിനിറങ്ങിയ മാർക്കസ് സ്റ്റോയിനിസിന്റെ ഇന്നിങ്സാണ് ഓസ്ട്രേലിയൻ ഇന്നിങ്സിൽ വഴിത്തിരിവായത്. വെറും 36 പന്തുകളിൽ രണ്ട് ബൗണ്ടറികളും ആറ് സിക്സറുകളും സഹിതം 67 റൺസെടുത്ത് സ്റ്റോയിനിസ് പുറത്താകാതെ നിന്നു.

165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാനെ ഓസ്ട്രേലിയൻ ബോളർമാർ തുടക്കം മുതൽ പിടിച്ചുകെട്ടി. ബാറ്റിങ്ങിൽ തിളങ്ങിയ മാർക്കസ് സ്റ്റോയിനിസായിരുന്നു ബോളിങ്ങിലും ഓസ്ട്രേലിയൻ ഹീറോ. 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. മിച്ചൽ സ്റ്റാർക്ക്, നഥാൻ എല്ലിസ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. 20 ഓവർ ബാറ്റ് ചെയ്തെങ്കിലും ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാൻ മാത്രമാണ് ഒമാന് കഴിഞ്ഞത്.

വാർണറിന് റെക്കോഡ്

ഒമാനെതിരായ ലോകകപ്പ് മത്സരത്തിനിടെ അന്താരാഷ്ട്ര ടി20 യിലെ ഒരു തകർപ്പൻ ഓസ്ട്രേലിയൻ റെക്കോഡും ഡേവിഡ് വാർണർ സ്വന്തമാക്കി. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓസ്ട്രേലിയൻ ബാറ്ററെന്ന റെക്കോഡാണ് വാർണർ സ്വന്തമാക്കിയത്. മുൻ നായകൻ കൂടിയായിരുന്ന ആരോൺ ഫിഞ്ചിന്റെ റെക്കോഡാണ് വാർണർ തകർത്തത്. 103 കളികളിൽ 3120 റൺസ് നേടിയാണ് ഫിഞ്ച് ഇത്രയും കാലം ഈ റെക്കോഡ് കൈവശം വെച്ചിരുന്നത്‌. തന്റെ 104-മത്തെ മത്സരത്തിലാണ് വാർണർ ഈ റെക്കോഡ് സ്വന്തം പേരിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version