Sports

മഴക്ക് പിന്നാലെ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട്; രണ്ടാം ട്വന്റി 20യിൽ അഞ്ച് വിക്കറ്റ് ജയം

Published

on

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് തോൽവി. അഞ്ച് വിക്കറ്റിനാണ് ഇന്ത്യൻ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ഇന്ത്യൻ ഇന്നിം​ഗ്സ് അവസാനിക്കാൻ മൂന്ന് പന്ത് ബാക്കി നിൽക്കുമ്പോൾ മഴയെത്തി. പിന്നാലെ ദക്ഷിണാഫ്രിക്ക ബാറ്റിം​ഗിന് ഇറങ്ങുകയായിരുന്നു. ഡക്‌വര്‍ത്ത്‌ ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കൻ ലക്ഷ്യം 15 ഓവറിൽ 152 എന്നായി. 13.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആറ് റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ഓപ്പണർമാർ നഷ്ടമായി. രണ്ടു പേർക്കും റൺസൊന്നും നേടാൻ സാധിച്ചില്ല. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും റിങ്കു സിം​ഗിന്റെയും തകർപ്പൻ അർദ്ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ നേടിത്തന്നത്.

56 റൺസെടുത്ത് സൂര്യകുമാർ യാദവ് മടങ്ങി. റിങ്കു സിം​ഗ് പുറത്താകാതെ 68 റൺസെടുത്തു പുറത്താകാതെ നിന്നു. 20 പന്തിൽ 29 റൺസെടുത്ത് തിലക് വർമ്മ വിലപ്പെട്ട സംഭാവനയാണ് നൽകിയത്. 17 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനവും അവസാന ഓവറുകളിൽ ഇന്ത്യയ്ക്ക് ​ഗുണം ചെയ്തു.

മറുപടി ബാറ്റിം​ഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക തകർപ്പൻ അടികളോടെ ബാറ്റിം​ഗ് ആരംഭിച്ചു. ആദ്യ രണ്ട് ഓവറിൽ 38 റൺസ് പിറന്നു. മാത്യൂ ബ്രീട്‌സ്‌കെ 16 റൺസെടുത്ത് റൺഔട്ടായി. എങ്കിലും റീസ ഹെൻട്രിക്സും എയ്ഡാൻ മാക്രവും സ്കോർ ഉയർത്തി. ഇരുവരും പുറത്തായ ശേഷമാണ് ഇന്ത്യയ്ക്ക് ശ്വാസം നേരെ വീണത്. മാക്രം 30ഉം ഹെൻട്രിക്സ് 49ഉം റൺസെടുത്തു. പിന്നീട് ഇന്ത്യയ്ക്ക് വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചെങ്കിലും ആദ്യ ഓവറുകളിൽ റൺസ് വഴങ്ങിയത് തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version