U.A.E

ഡച്ച് മയക്കുമരുന്ന് രാജാവ് റിഡൗവന്‍ ടാഗിയുടെ മകന്‍ ദുബായില്‍ പിടിയില്‍; നെതര്‍ലാന്‍ഡ്‌സിന് കൈമാറിയേക്കും

Published

on

അബുദാബി: ഡച്ച് മയക്കുമരുന്ന് രാജാവ് റിഡൗവന്‍ ടാഗിയുടെ മൂത്ത മകനെ യുഎഇ അധികൃതര്‍ അറസ്റ്റ് ചെയ്തു. നെതര്‍ലാന്‍ഡ്‌സിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് അറസ്റ്റ്. 22 കാരനായ ഫൈസല്‍ ടാഗിയെ നെതര്‍ലാന്‍ഡ്‌സിന് കൈമാറിയേക്കും.

ദുബായില്‍ വച്ചാണ് ഫൈസല്‍ ടാഗിയെ യുഎഇ പോലിസ് പിടികൂടിയത്. ഫൈസല്‍ ടാഗി ദുബായില്‍ അറസ്റ്റിലായതായി യുഎഇ അധികൃതര്‍ ഡച്ച് പബ്ലിക് പ്രോസിക്യൂഷന്‍ സര്‍വീസിനെ അറിയിച്ചിട്ടുണ്ട്. ഇയാളെ കൈമാറണമെന്ന് നെതര്‍ലാന്‍ഡ്‌സ് അഭ്യര്‍ത്ഥിച്ചതായി ഡച്ച് പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി.

മൊറോക്കന്‍ വംശജനായ റിഡൗവന്‍ ടാഗിയുടെ (45) മൂത്ത മകനാണ് ഫൈസല്‍ ടാഗിയെന്ന് നെതര്‍ലാന്‍ഡ്‌സിലെ ഔദ്യോഗിക വാര്‍ത്താമാധ്യമങ്ങള്‍ വ്യക്തമാക്കി. കൊലപാതകം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ റിഡൗവന്‍ ടാഗിയും കൂട്ടാളികളും വിചാരണ നേരിടുകയാണ്. ‘നന്നായി എണ്ണ പുരട്ടിയ കൊലപാതക യന്ത്രം’ എന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ റിഡൗവന്‍ ടാഗിയെ വിശേഷിപ്പിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കൊക്കെയ്ന്‍ വിതരണക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ഒരു ഗ്രൂപ്പിന്റെ സൂത്രധാരനാണ് റിഡൗവന്‍ ടാഗി. 2019ല്‍ ദുബായില്‍ അറസ്റ്റിലായ ഇയാളെ ഉടന്‍ തന്നെ നെതര്‍ലന്‍ഡിന് കൈമാറിയിരുന്നു.

ക്രിമിനല്‍ മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നും കള്ളപ്പണം വെളുപ്പിക്കലിലും അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നതിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തിലാണ് ഫൈസല്‍ താഗിയെ അന്വേഷിക്കുന്നതെന്ന് ഡച്ച് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ കേസുകള്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒരുകാലത്ത് നെതര്‍ലന്‍ഡ്‌സിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളി ആയിരുന്ന റിഡൗവാന്‍ ടാഗിയുടെ വിചാരണ 2021 മാര്‍ച്ചിലാണ് ആരംഭിച്ചത്. ആംസ്റ്റര്‍ഡാമിന്റെ പ്രാന്തപ്രദേശത്തുള്ള ‘ദി ബങ്കര്‍’ എന്ന് വിളിക്കപ്പെടുന്ന അതീവ സുരക്ഷാമേഖലയിലെ കോടതിയിലാണ് വിചാരണ നടന്നുവരുന്നത്. ടാഗിയും കൂട്ടാളികളും കുറഞ്ഞത് ആറ് കൊലപാതകങ്ങളിലും നാല് കൊലപാതക ശ്രമങ്ങളിലും മറ്റ് ആറ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതിലും പ്രതികളാണ്. ടാഗിക്കും മറ്റ് അഞ്ച് പേര്‍ക്കും ജീവപര്യന്തം തടവും മറ്റ് പ്രതികള്‍ക്ക് ജയില്‍ ശിക്ഷയും നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, താഗിയെ കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. താഗിയെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയായ നബീല്‍ എന്നയാളുമായി ബന്ധമുള്ള മൂന്ന് പേര്‍ ഇതിനകം കൊല്ലപ്പെട്ടത് നെതര്‍ലന്‍ഡിനെ ഞെട്ടിച്ചിരുന്നു. നബീലിന്റെ സഹോദരന്‍, അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഡെര്‍ക്ക് വിയേര്‍സം, അദ്ദേഹത്തിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്ന രാജ്യത്തെ അറിയപ്പെടുന്ന ക്രൈം റിപ്പോര്‍ട്ടര്‍ പീറ്റര്‍ ആര്‍ ഡി വ്രീസ് എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version