Gulf

ഊഷ്മള സൗഹൃദത്തിന്റെ പുതുചരിതമെഴുതി സ്മൃതി ഇറാനി; വാര്‍ത്തകളില്‍ നിറഞ്ഞ് മദീന പള്ളി സന്ദര്‍ശനം

Published

on

ജിദ്ദ: ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തിന്റെ ഇഴയടുപ്പവും പ്രാധാന്യവും അനാവരണം ചെയ്യുകയും പരസ്പരവിശ്വാസം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ചരിത്രനിമിഷങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജിദ്ദ, മദീന നഗരങ്ങള്‍ സാക്ഷ്യംവഹിച്ചത്. ഇന്ത്യയുമായുള്ള സാഹോദര്യബന്ധത്തിന് സൗദി വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് തെളിയിക്കുന്ന സമ്മോഹനമായ നിരവധി മുഹൂര്‍ത്തങ്ങളുണ്ടായി. 2024ലെ ഹജ്ജ് കരാര്‍ ഒപ്പിടാനെത്തിയ കേന്ദ്ര വനിതാ-ശിശു വികസന, ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘം ഉഭയകക്ഷി ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആസ്വദിച്ചാണ് മടങ്ങുന്നത്.

ഹജ്ജ് കരാര്‍ ഒപ്പുവച്ച ശേഷം മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പ്രവാചക പള്ളിയായ മദീന മസ്ജിദുന്നബവി, ഇസ്‌ലാമിലെ ആദ്യത്തെ പള്ളിയായ ഖുബാ മസ്ജിദ്, ആദ്യകാല ഇസ്ലാമിക രക്തസാക്ഷികളുടെ അന്ത്യവിശ്രമസ്ഥലമായ ഉഹ്ദ് മല എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചത് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.

മദീന സന്ദര്‍ശനം അസുലഭ അവസരമാണെന്നും ഇത് ചരിത്രസംഭവമാണെന്നും സ്മൃതി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഊഷ്മളവും സൗഹാര്‍ദ്ദപരവുമായ ബന്ധമാണുള്ളതെന്ന് പറഞ്ഞ സ്മൃതി ഇറാനി മദീന സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയ സൗദി അധികൃതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൃതജ്ഞത അറിയിക്കുകയും ചെയ്തു. മക്കയേയും മദീനയേയും ബന്ധിപ്പിച്ച് ജിദ്ദയിലൂടെ കടന്നുപോവുന്ന ഹറമൈന്‍ മെട്രോ ട്രെയിനിലാണ് സംഘം മദീനയിലെത്തിയതും ജിദ്ദയിലേക്ക് തിരിച്ചുവന്നതും.

സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയും സ്മൃതി ഇറാനിയുമാണ് ഇന്ത്യ-സൗദി 2024 ഹജ്ജ് കരാര്‍ ഒപ്പുവച്ചത്. പിന്നീട് മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ മിശ്അല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനുമായും സ്മൃതി ഇറാനി കൂടിക്കാഴ്ച നടത്തി. പൊതുതാല്‍പര്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സൗഹൃദ സംഭാഷണവും നടത്തുകയും ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡോ. തൗഫീഖ് അല്‍ റബീഅയും സംബന്ധിച്ചു. കഴിഞ്ഞ മാസം ഇദ്ദേഹം ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു.

ജിദ്ദയില്‍ ആരംഭിച്ച മൂന്നാമത് ഹജ്ജ്, ഉംറ സേവന സമ്മേളനത്തിലും പ്രദര്‍ശനമേളയിലും ഇന്ത്യയുടെ മന്ത്രിമാര്‍ പങ്കെടുത്തു. ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയ മന്ത്രിമാര്‍ മദീനയില്‍ ഇന്ത്യന്‍ ഹജ്ജ് വോളന്റിയര്‍മാരുമായും ഉംറ തീര്‍ത്ഥാടകരുമായും സംസാരിച്ചിരുന്നു.

ജിദ്ദ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച പ്രവാസി ഇന്ത്യന്‍ നേതാക്കളുമായുള്ള സംവാദ സെഷനിലും മന്ത്രിമാര്‍ പങ്കെടുത്തു. സൗദിയിലെ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട നിരവധി നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെ ഹജ്ജ് വോളന്റിയര്‍ സേവനങ്ങള്‍ക്കായി അയക്കുമെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. ഹജ്ജ് വോളന്റിയര്‍ സേവനരംഗത്തുള്ള പ്രവാസി സംഘടനകള്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും മന്ത്രി മുന്നോട്ടുവച്ചു. ഹജ്ജ് സേവനങ്ങള്‍ നല്‍കുന്നതില്‍ ഇന്ത്യ സര്‍ക്കാരിന്റെ പ്രതിബദ്ധതയും അവര്‍ വിശദീകരിച്ചു.

ജനുവരി 7 ഞായറാഴ്ച ജിദ്ദയിലെത്തിയ കേന്ദ്ര മന്ത്രിമാര്‍ ചരിത്രനഗരമായ ജിദ്ദയിലെ ബലദും മന്ത്രിമാര്‍ സന്ദര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടങ്ങുന്ന പ്രതിനിധി സംഘം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ജലീല്‍ തുടങ്ങിയവരാണ് സൗദി സന്ദര്‍ശനത്തിന് മേല്‍നോട്ടം വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version