ജിദ്ദ: ഈ വര്‍ഷത്തെ ഇന്ത്യ-സൗദി ഉഭയകക്ഷി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കാനെത്തിയ കേന്ദ്ര വനിതാ ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ജിദ്ദയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. പ്രവാസി നേതാക്കള്‍ ശ്രദ്ധയില്‍പെടുത്തിയ വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ സേവനത്തിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തുന്ന വോളന്റിയര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ജിദ്ദയിലെ റിറ്റ്സ് കാല്‍ട്ടണ്‍ ഹോട്ടലിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രവാസി ഇന്ത്യക്കാരുടെ യാത്ര, തൊഴില്‍, നിയമ സംബന്ധമായ നിരവധി വിഷയങ്ങളാണ് മന്ത്രിമാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്.
സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്നത് എപ്പോഴും സന്തോഷകരമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യയുടെ സമീപകാല മുന്നേറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച അവര്‍ ഈ പ്രയാണത്തില്‍ പ്രവാസികളും സജീവമായി പങ്കെടുക്കണമെന്ന് ഉണര്‍ത്തി. രാജ്യപുരോഗതിയില്‍ പ്രവാസികള്‍ക്ക് നല്ല സംഭാവനകള്‍ നല്‍കാന്‍ കഴിയമെന്നും അവര്‍ ചൂണ്ടിക്കാട്ടി.