India

വിമാനത്തിന്‍റെ ശുചിമുറിയിൽനിന്ന് പുകയും മണവും; ആശങ്ക, ഒടുവിൽ യാത്രക്കാരൻ പിടിയിൽ

Published

on

കൊൽക്കത്ത: ദുബായിൽനിന്ന് കൊൽക്കത്തയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ നാടകീയ സംഭവങ്ങൾ. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ശുചിമുറിയിൽനിന്ന് പുക ഉയരുന്നത് യാത്രക്കാരിലൊരാളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പുകയും മണവും വന്നതോടെ യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ വിളിക്കുകയും ചെയ്തു. പരിശോധനയ്ക്കൊടുവിൽ വിമാനത്തിൽ പുകവലിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച  കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നാടകീയ സംഭവം. വിമാനം ലാൻഡ് ചെയ്ത ഉടനെ ശുചിമുറിയിൽ പുക വലിച്ച കുറ്റത്തിന് സുവം ശുക്ല എന്നയാളാണ് അറസ്റ്റിലായത്. ശുചിമുറിയിലേക്ക് കയറിയ ഉടൻ തന്നെ ഇയാൾ പുകവലിക്കാൻ ആരംഭിക്കുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

പുകയും മണവും ശ്രദ്ധയിൽപ്പെട്ട ഉടനെ യാത്രക്കാരനും ക്യാബിൻ ക്രൂവും ഇക്കാര്യം വിമാനത്തിന്‍റെ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വിമാനം ലാൻഡ് ചെയ്തയുടൻ പൈലറ്റ് എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാരെയും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. തുടർന്ന് സിഐഎസ്എഫാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.

പുകവലിച്ചയാളെ ചോദ്യം ചെയ്ത സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിന്നീട് ഇയാളെ ബിധാനഗർ സിറ്റി പോലീസിന് കീഴിലെ എയർപോർട്ട് പോലീസിന് കൈമാറി. വിമാനത്തിലെ പുകവലിക്കലിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.

വിമാനത്തിൽ പുകവലിച്ചതിന് എയർക്രാഫ്റ്റ് റൂൾസിലെ സെക്ഷൻ 25 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യാത്രക്കാരൻ പുകവലിക്കുന്നത് കൃത്യസമയത്ത് ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നെങ്കിൽ, അത് വലിയ അപകടത്തിന് ഇടയാക്കുമായിരുന്നെന്ന് ഇൻഡിഗോ എയർലൈൻസ് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version