ദുബായ്: അജ്മാന്‍ എമിറേറ്റിലെ വ്യാവസായിക ഏരിയയിലെ ഒരു കടയിലെ ജീവനക്കാരിയായ യുവതിയെ കുത്തിക്കൊല്ലുകയും ശേഷം കടയ്ക്ക് തീയിടുകയും ചെയ്ത യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ സംഭവം.
ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ഇയാള്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പല തവണ കുത്തിയതായി അജ്മാന്‍ പോലിസ് അറിയിച്ചു.
ജീവനക്കാരിയെ കുത്തിക്കൊല്ലുകയും മൂന്നു പേരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം പ്രതി കടയ്ക്ക് തീക്കൊടുത്തതായും പോലിസ് പറഞ്ഞു. കടയില്‍ നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസികള്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവ സ്ഥലത്ത് പോലിസ് എത്തുന്നത്. അപ്പോഴാണ് യുവതി കുത്തേറ്റു മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വിവരം പോലിസ് അറിഞ്ഞത്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതായി അജ്മാന്‍ പോലീസിലെ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ സയീദ് അലി അല്‍ മദനി പറഞ്ഞു. തീപ്പിടത്തത്തില്‍ വ്യാപാര സ്ഥാപനത്തിന് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 10 മിനുട്ടിനകം തന്നെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പിടികൂടിയതായി പോലിസ് അറിയിച്ചു. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങളോ നാടോ പോലിസ് പുറത്തുവിട്ടിട്ടില്ല. മരണപ്പെട്ടതും പരിക്കേറ്റതുമായ സ്ത്രീകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
പ്രാഥമിക അന്വേഷണത്തില്‍, പ്രതിക്ക് കൊല്ലപ്പെട്ട യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി വ്യക്തമായതായി പോലിസ് പറഞ്ഞു. ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുന്നതായും പോലിസ് അറിയിച്ചു.