ഷാർജ: ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കൽബയിലെ അൽ സാഫ് ഏരിയയിലെ പൗരന്മാർക്ക് 151 വീടുകൾ നൽകാൻ നിർദേശം നൽകി. ഷാർജ ഹൗസിങ് പദ്ധതി പ്രകാരമാണ് ഇത്രയും പേർക്ക് വീട് കെെമാറുന്നത്. സെപ്റ്റംബറിലാണ് വീടുകൾ കെെമാറുക. രണ്ടാം ഘട്ടമെന്ന നിലയിൽ 263 വീടുകൾ 2024 ന്‍റെ തുടക്കത്തിൽ വിതരണം ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, കൽബ, ഖോർഫുക്കാൻ യൂനിവേഴ്സിറ്റികൾക്ക് പുതിയ വൈസ് ചാൻസലറെ നിയമിച്ചു. ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തന്നെയാണ് സുൽത്താനെ നിയമിച്ചത്. ഡോ. നജ്വ മുഹമ്മദ് അൽ ഹൊസാനിയാണ് കൽബ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ. പുതിയ നിയമനം ഒക്ടോബർ രണ്ടുമുതൽ പ്രാബല്യത്തിൽ വരും.
ഡോ. അലി അബ്ദുല്ല സെയ്ഫ് അൽ നഖ്ബിയാണ് ഖോർഫുക്കാൻ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയി വരുന്നത്. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ‘ഡയറക്ട് ലൈൻ’ റേഡിയോ പ്രോഗ്രാം വഴിയാണ് പുതിയ പ്രഖ്യാപനം ഭരണാധിക്കാരി നടത്തിയത്. സെപ്റ്റംബർ 25ന് ഇദ്ദേഹം ചുമതലയേൽക്കും.