Gulf

ഷാര്‍ജ മുനിസിപ്പല്‍ പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ചു; 90 ദിവസത്തിനുള്ളില്‍ അടയ്ക്കണം

Published

on

ഷാര്‍ജ: മുനിസിപ്പല്‍ നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ക്ക് 50 ശതമാനം ഇളവ് നല്‍കാന്‍ ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ (എസ്ഇസി) തീരുമാനം. ഇന്നലെ സപ്തംബര്‍ അഞ്ച് വരെ ചുമത്തിയ എല്ലാവിധ മുനിസിപ്പല്‍ പിഴകള്‍ക്കും ഇളവ് ബാധകമാണ്.

അടുത്ത 90 ദിവസത്തേക്ക് പണം അടയ്ക്കുകയാണെങ്കില്‍ പിഴത്തുകയുടെ പകുതി നല്‍കിയാല്‍ മതിയാവും. ഷാര്‍ജ എമിറേറ്റ് കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് മാത്രമാണ് ഈ ഇളവ്.

എമിറേറ്റില്‍ നടപ്പാക്കുന്ന പുതിയ വികസന പദ്ധതികളും ജനസേവനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു. ഷാര്‍ജയില്‍ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ച വീട്ടുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

എന്‍വയോണ്‍മെന്റ് ആന്‍ഡ് നാച്ചുറല്‍ റിസര്‍വ് അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ഷാര്‍ജയിലെ ഡോഗ് കെയര്‍ സെന്റര്‍ ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനവും എസ്ഇസി പുറപ്പെടുവിച്ചു.

ഷാര്‍ജയിലെ കെട്ടിടങ്ങളില്‍ നിന്ന് വീണുള്ള അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന് ഫഌറ്റുകളില്‍ നേരിട്ടെത്തി ഉദ്യോഗസ്ഥര്‍ കാംപയിന് തുടക്കംകുറിച്ചിരുന്നു. ബാല്‍ക്കണിയില്‍ നിന്നും ജനാലകളില്‍ നിന്നും താഴേക്ക് വീണുണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണിത്. ഷാര്‍ജയിലുടനീളമുള്ള നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥ സംഘം കുടുംബങ്ങളെ അപകടസാധ്യതകള്‍ ബോധ്യപ്പെടുത്തുകയും പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്തുവരികയാണ്. മുന്നറിയിപ്പ് നല്‍കുന്ന സ്റ്റിക്കറുകള്‍ കെട്ടിടങ്ങളില്‍ പതിക്കുകയും ചെയ്തു. ഷാര്‍ജ സിവില്‍ ഡിഫന്‍സ്, പോലീസ്, മുനിസിപ്പാലിറ്റി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് പ്രചാരണം നടത്തുന്നത്. ബഹുനില കെട്ടിടങ്ങളില്‍ താമസിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ ചെറിയ അശ്രദ്ധപോലും ഗുരുതര പരിക്കുകള്‍ക്കോ മരണത്തിനോ കാരണമായേക്കാവുന്ന അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version