ഓഹരി ഉടമകൾക്ക് കമ്പനികൾ നൽകുന്ന പാരിതോഷികമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. കമ്പനി നേടുന്ന അറ്റാദയത്തിൽ നിന്നോ പക്കലുള്ള ധനശേഖരത്തിൽ നിന്നോ ആസ്തികളുടെ വിൽപനയിലൂടെ ലഭിക്കുന്ന തുകയിൽ നിന്നുമൊക്കെ ഓരോ നിക്ഷേപകനും നൽകുന്ന പ്രതിയോഹരി വീതമാണിത്. മികച്ച ഡിവിഡന്റ് നൽകുന്ന ഓഹരികൾക്ക് വിപണിയിൽ എന്നും ആവശ്യക്കാർ ഏറെയാണ്. ഡിവിഡന്റിലൂടെ ഓഹരി നിക്ഷേപകന് അധിക വരുമാനം ലഭിക്കുന്നതാണ് കാരണം.
സൂചിപ്പിച്ചുവന്നത്, മലയാളിയായ ഡോ. ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എന്ന കമ്പനിയെ കുറിച്ചാണ്. ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തതിനുശേഷം ഓഹരി ഉടമകൾക്ക് ഇതുവരെ ഡിവിഡന്റ് നൽകിയിരുന്നില്ല. എന്നാൽ കമ്പനിയുടെ ഗൾഫിലെ ബിസിനസ് വിഭാഗം വിറ്റൊഴിയുമ്പോൾ ലഭിക്കുന്ന തുക ഉപയോഗപ്പെടുത്തി, ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഓഹരി ഉടമകൾക്ക് വമ്പൻ ഡിവിഡന്റ് നൽകാൻ പോകുന്നുവെന്ന അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ (BSE : 540975, NSE : ASTERDM) ഡയറക്ടർ ബോർഡ് യോഗം ചേർന്നത്. ഗൾഫ് രാജ്യങ്ങളിലുള്ള ബിസിനസ് വിഭാഗത്തിന്റെ വിൽപനയുമായി ബന്ധപ്പെട്ട 110 കോടി ഡോളർ (ഏകദേശം 9,100 കോടി രൂപ) മൂല്യംവരുന്ന ഇടപാടും ചർച്ചയായി. മാർച്ച് സാമ്പത്തിക പാദത്തിൽ ഈ വിൽപന നടപടികൾ പൂർത്തിയാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഗൾഫിലെ വിൽപനയിലൂടെ ലഭിക്കുന്ന തുകയുടെ 70 മുതൽ 80 ശതമാനം വരെ ഓഹരി ഉടമകൾക്ക് കൈമാറാൻ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ ധാരണയായി. കമ്പനിയുടെ ഭാവി മൂലധന ചെലവിടലുകൾക്കും കരുതൽ ധനശേഖരത്തിനും ആവശ്യമായ തുക മാറ്റിവെച്ച ശേഷം ഓഹരിയൊന്നിന് 110 മുതൽ 120 രൂപ വരെ ലാഭവിഹിതമായി നൽകാൻ കഴിയുമെന്നും ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തി. ഇക്കാര്യം കമ്പനിയിൽ നിന്നും സ്റ്റോക്ക് എക്സ്ചേഞ്ചിലും അറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 400 രൂപയിലായിരുന്നു ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരി ക്ലോസ് ചെയ്തിരുന്നത്. വമ്പൻ ഡിവിഡന്റ് നൽകാൻ പോകുന്നുവെന്ന കമ്പനിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ ഓഹരിയിലും ഉണർവ് പ്രകടമായി. ചൊവ്വാഴ്ച നടന്ന വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ 12 ശതമാനത്തിലധികം ഉയർന്ന ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരി 449.70 രൂപയിലേക്ക് കുതിച്ചുയർന്ന് 52 ആഴ്ചയിലെ പുതിയ ഉയർന്ന നിലവാരവും തിരുത്തിക്കുറിച്ചു.
ഒരു വർഷ കാലയളവിൽ ഓഹരിയുടെ താഴ്ന്ന വില 201 രൂപയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരിയിൽ 90 ശതമാനത്തോളം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 22,753 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കമ്പനിയിൽ 41.88 ശതമാനം ഓഹരികളാണ് പ്രമോട്ടർ ഗ്രൂപ്പിന്റെ കൈവശമുള്ളത്. വിദേശ നിക്ഷേപകർ 40.22 ശതമാനം ഓഹരികളും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി നേടിയ വരുമാനം 11,932 കോടിയും അറ്റാദായം 474 കോടിയുമാണ്.