റിയാദ്: ഏഷ്യക്കാരിയായ പ്രവാസി വനിതയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ നാല് അറബ് പൗരന്മാര്ക്ക് സൗദി കോടതി ശിക്ഷ വിധിച്ചു. രണ്ട് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ബാക്കി രണ്ട് പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്തലുമാണ് ശിക്ഷ വിധിച്ചത്.
പബ്ലിക് പ്രോസിക്യൂഷന്റെ കീഴിലുള്ള പബ്ലിക് മൊറാലിറ്റി വിഭാഗം അന്വേഷണം പൂര്‍ത്തിയാക്കി അറബ് പൗരന്മാര്ക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കടയിലിരുന്ന് പ്രതികള്‍ പ്രവാസി വനിതയെ ശല്യം ചെയ്യുകയും വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
മറ്റുള്ളവരുടെ അഭിമാനത്തെയും വ്യക്തിത്വത്തെയും ഹനിക്കുന്ന രീതിയിലുള്ള കുറ്റകൃത്യങ്ങളെ അതിശക്തമായി നേരിടുമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പു നല്കി. ഒരാള്‍ മറ്റൊരു വ്യക്തിയോട് ലൈംഗികച്ചുവയുള്ള സംസാരമോ പ്രവൃത്തിയോ ആംഗ്യമോ ഉപയോഗിച്ച് ഉപദ്രവിക്കുന്നതും ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരും. നേരിട്ടോ സാങ്കേതിക വിദ്യയുടെ സഹായത്താലോ ഒരാളുടെ മാന്യതയെ ഹനിക്കുന്നതും സമാനമായ കുറ്റമാണെന്നും പ്രൊസിക്യൂഷന് വ്യക്തമാക്കി. ഇത്തരം കേസില്‍ പിടിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ മുതല്‍ മൂന്നു ലക്ഷം റിയാല്‍ വരെ പിഴയും ആണ് ശിക്ഷ. കുറ്റവാളികളുടെ ചെലവില്‍ പ്രാദേശിക മാധ്യമങ്ങളില്‍ കോടതി വിധി പ്രസിദ്ധീകരിക്കണമെന്നാണ് നിയമമെന്നും പബ്ലിക് പ്രൊസിക്യൂഷന് അറിയിച്ചു.