Gulf

സൗദിവല്‍ക്കരണം വന്‍ വിജയം; മാസം ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്നത് 20 ലക്ഷം പേര്‍

Published

on

റിയാദ്: സൗദി അറേബ്യയില്‍ നടപ്പാക്കിയ സ്വദേശിവല്‍ക്കരണം വന്‍ വിജയം കാണുന്നതിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്തുവരുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞതിനൊപ്പം സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സൗദി പൗരന്‍മാരുടെ എണ്ണവും വലിയ തോതില്‍ വര്‍ധിച്ചു. മാസം ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന സ്വദേശികള്‍ 20 ലക്ഷമാണെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

സ്വകാര്യ മേഖലയില്‍ രാജ്യത്ത് പ്രതിമാസം 5,000 റിയാലോ (ഏകദേശം 1,10,000 രൂപ) അതിന് മുകളിലോ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 20 ലക്ഷത്തോളമാണെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) കണക്കുകള്‍ ഉദ്ധരിച്ച് അല്‍മദീന ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഒമ്പതേമുക്കാല്‍ ലക്ഷത്തോളം സ്വദേശികളുടെ വേതനം 10,000 റിയാലോ അതില്‍ കൂടുതലോ ആണ്.

2023 രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം പതിനായിരം റിയാലോ അതില്‍ കൂടുതലോ ശമ്പളം ലഭിക്കുന്ന 9,65,000 സൗദി ജീവനക്കാരാണുള്ളത്. 2018ല്‍ ഈ തുക വേതനം ലഭിക്കുന്ന 4,73,000 സ്വദേശി ജീവനക്കാരാണ് സ്വകാര്യ മേഖലയിലുണ്ടായിരുന്നത്. പതിനായിരം റിയാലില്‍ കൂടുതല്‍ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരില്‍ പകുതിയോളം റിയാദ് നഗരത്തിലാണ്.

സ്വകാര്യ മേഖലയില്‍ 22 ലക്ഷത്തിലേറെ സൗദികളാണ് നിലവില്‍ ജോലി ചെയ്യുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനമായി കുറഞ്ഞതായും ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന് രാജ്യത്ത് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. പുതുതായി സ്വദേശികളെ ജോലി നിയമിച്ചാല്‍ നിശ്ചിത കാലത്തേക്ക് വേതന വിഹിതമായി തൊഴില്‍ മന്ത്രാലയം തുക അനുവദിച്ചുവരുന്നുണ്ട്. തൊഴില്‍ മന്ത്രാലയത്തിനു കീഴിലെ ഹദ്ഫ് വിഭാഗം സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനവും ജോലി കണ്ടെത്താനുള്ള സഹായങ്ങളും നല്‍കുന്നുണ്ട്. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യോഗ്യരായ സ്വദേശി ജീവനക്കാരെ കണ്ടെത്താനും ഹദ്ഫ് എന്ന സംവിധാനത്തിനു കീഴില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

സ്വദേശി വനിതാവല്‍ക്കരണം നടപ്പാക്കിയത് ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം വര്‍ധിപ്പിക്കാനും രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയാനും സഹായിച്ചു. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കുകള്‍ പ്രകാരം ജോലി ചെയ്യുന്ന സ്വദേശി വനിതകള്‍ 14,70,500 കവിഞ്ഞു. സ്വകാര്യ മേഖലയില്‍ 8,61,200 ഉം സര്‍ക്കാര്‍ മേഖലയില്‍ 6,09,300 ഉം സൗദി വനിതകളാണ് ജോലിചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ 17.16 ശതമാനം വര്‍ധനയുണ്ടായി. 2021ല്‍ 12.5 ലക്ഷം പേരാണ് ജോലിയിലുണ്ടായിരുന്നത്.

സൗദി വനിതകളിലെ 30.4 ശതമാനം പേരും ജോലിയുള്ളവരാണ്. 2021ല്‍ ഇത് 27.6 ശതമാനമായിരുന്നു. സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ചില്ലറ-മൊത്ത വ്യാപാര മേഖലയിലാണ് കൂടുതല്‍ സൗദി വനിതകളും ജോലി ചെയ്യുന്നത്. 192,990 സൗദി വനിതകള്‍ ആ മേഖലയിലുണ്ട്. നിര്‍മാണ മേഖലയില്‍ 1,39,600 വനിതകളുണ്ട്. ആരോഗ്യ, സമൂഹിക മേഖലയില്‍ 1,11,000 സൗദി വനിതകളും ജോലിചെയ്യുന്നു. ടൂറിസം മേഖലയിലെ സൗദി വനിതകളുടെ എണ്ണം 66,800 ആണ്.

സൗദിവല്‍ക്കരണം പാലിക്കാത്ത സ്‌കൂളുകള്‍ക്ക് അടുത്ത ഞായറാഴ്ച ആരംഭിക്കുന്ന അധ്യയന വര്‍ഷം മുതല്‍ വിസ അനുവദിക്കില്ലെന്ന് തീരുമാനിച്ചത് ഈ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ഈ വര്‍ഷം ജോലി ലഭിക്കാന്‍ സഹായിക്കും. സ്വകാര്യ മേഖലയിലെ സെക്കന്‍ഡറി, ഇന്റര്‍മീഡിയറ്റ്, എലിമെന്ററി സ്‌കൂകളുകളില്‍ അറബി, ഇസ്‌ലാമിക് സ്റ്റഡീസ്, സാമൂഹിക ശാസ്ത്രം എന്നീ മേഖലകളിലാണ് 50 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version