റിയാദ്: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യമേഖലാ കമ്പനികള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത് നിര്‍ബന്ധമാക്കി സൗദി അറേബ്യയിലെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി (എംഎച്ച്ആര്‍എസ്ഡി) അഹമ്മദ് അല്‍റാജ്ഹി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു.
സ്വദേശി യുവാക്കളെ തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നൈപുണ്യമുള്ളവരായി വളര്‍ത്തിക്കൊണ്ടുവരുന്നതിനാണിത്. സ്വകാര്യ മേഖലയില്‍ സൗദിവത്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കാനും മന്ത്രാലയം ഉദ്ദേശിക്കുന്നു.
സ്വകാര്യ മേഖലയിലെ പരിശീലന പരിപാടികള്‍ മെച്ചപ്പെടുത്തുക, വളര്‍ച്ചാ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ബിരുദാനന്തര തൊഴില്‍ ഉറപ്പാക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുക എന്നിവ മന്ത്രാലയത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.
സ്വകാര്യ മേഖലയിലെ കമ്പനികളില്‍ യൂണിവേഴ്‌സിറ്റി, കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്ക് പരിശീലന അവസരങ്ങള്‍ നല്‍കാനാണ് ഉത്തരവ്. സ്വകാര്യ സ്ഥാപനങ്ങള്‍ ട്രെയിനികളുമായി പരിശീലന സേവനങ്ങള്‍ സംബന്ധിച്ച് നിശ്ചിതകാലത്തേക്കുള്ള കരാറില്‍ ഒപ്പിടും. പരിശീലന കാലയളവ് പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വേണം.
സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന ഗൈഡ് മന്ത്രാലയം വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. പരിശീലന ആവശ്യകതകള്‍, പരിശീലന മാര്‍ഗങ്ങള്‍, നിയമംലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ശിക്ഷകള്‍ എന്നിവ ഇതില്‍ വിശദീകരിക്കുന്നു.
വിദ്യാഭ്യാസ മന്ത്രാലയം, ടെക്നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിങ് കോര്‍പറേഷന്‍, ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ഫണ്ട് എന്നിവയുടെ സഹകരണത്തോടെ പരിശീലന പദ്ധതി നടപ്പാക്കാനാണ് തീരുമാനം.