Gulf

സൗദിയുടെ സുവർണകാലം; ഈന്തപ്പഴ വിപണന മേളകൾക്ക് തുടക്കമായി

Published

on

റിയാദ്: സൗദി അറേബ്യയിൽ ഈന്തപ്പഴ ഫെസ്റ്റുകൾക്ക് തുടക്കമായി. ഈന്തപ്പഴം ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ട പല സൗദി പ്രദേശങ്ങളും തങ്ങളുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വിപണന മേളകൾ നടത്തി മത്സരിക്കുകയാണ്.

ഈന്തപ്പഴം വിളവെടുക്കുന്ന സമയമായതിനാൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വേനൽക്കാലം സുവർണ്ണ കാലമായാണ് കണക്കാക്കപ്പെടുന്നത്. റിയാദ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സംഘടിപ്പിക്കുന്ന റിയാദ് സീസണൽ മേള ആ​ഗസ്റ്റ് ആദ്യത്തിൽ ആരംഭിച്ചിരുന്നു. 60 ദിവസം നീളുന്ന മേളകളാണ് വിവിധ കാർഷിക അസോസിയേഷനുകൾ സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ മൊത്തം കാർഷിക ഉൽപാദനത്തിന്റെ 12 ശതമാനം വരുന്ന ഈന്തപ്പന മേഖലയെ പിന്തുണയ്ക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.

റിയാദിന്റെ ഈന്തപ്പഴ ഉൽപാദനം നാല് ലക്ഷം ട‌ൺ കവിഞ്ഞിട്ടുണ്ട്. ഇത് രാജ്യത്തിന്റെ മൊത്തം ഉൽപാദനത്തിന്റെ നാലിലൊന്ന് വരും. 30 ദിവസം നീണ്ടുനിൽക്കുന്ന ബുറൈദ ഈന്തപ്പഴ ഫെസ്റ്റിവലിൽ 40-ലേറെ വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങൾ മേളയിൽ എത്തിക്കുന്നുണ്ട്. നാലായിരത്തിലേറെ യുവാക്കളും യുവതികളും നിരവധി കുടുംബങ്ങളും കരകൗശല വിദ​ഗ്ധരും മേളയിൽ പങ്കെടുക്കുന്നുണ്ട്.

അൽഉല ഈന്തപ്പഴോത്സവം സെപ്റ്റംബർ എട്ട് മുതൽ നവംബർ 11 വരെ നടത്തും. എല്ലാ ശനിയാഴ്ചയും വെളളിയാഴ്ചയുമാണ് അൽഉലയിൽ മേള നടത്തുന്നത്. ഒക്ടോബർ 13 മുതൽ നവംബർ 11 വരെ സന്ദർശകർക്ക് കർഷകരെയും പ്രാദേശിക ഉൽപാദകരെയും കരകൗശല വിദഗ്ധരെയും കാണുന്നതിനും ഈന്തപ്പഴം കൊണ്ട് പാകം ചെയ്ത വിവിധ വിഭവങ്ങൾ രുചിക്കുന്നതിനും അടുത്തറിയുന്നതിനുമായി ഈന്തപ്പഴ ചന്തയും ഫെസ്റ്റിവലിൽ നടക്കും.

10,000 ഹെക്ടറിലധികം വിസ്തൃതിയുളള അൽഉലയു‌ടെ ഈന്തപ്പന തോട്ടങ്ങളിൽ രണ്ടു ദശലക്ഷത്തിലധികം ഈന്തപ്പനകളുണ്ട്. പ്രതിവർഷം 90,000 ടണ്ണിലധികം ഈന്തപ്പഴമാണ് അൽഉലയിൽ ഉൽപ്പാദിപ്പിക്കുന്നത്. സൗദിയിലെ പ്രാദേശിക കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും സൗദി അറേബ്യക്കകത്തും പുറത്തും നിന്നുള്ള കച്ചവടക്കാരുമായും നിക്ഷേപകരുമായും ബന്ധം സ്ഥാപിക്കാനും ഫെസ്റ്റിവൽ അവസരമൊരുക്കുന്നു. രാജ്യത്തെ ഈന്തപ്പനകളുടെ എണ്ണം 33 ദശലക്ഷത്തിലേറെയാണ്. ഇത് ലോകത്തിലെ മൊത്തം ഈന്തപ്പനകളുടെ 27 ശതമാനവും വരും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version