Gulf

പുതിയ യൂനിഫോമില്‍ തിളങ്ങി സൗദിയ ക്യാബിന്‍ ക്രൂ; സേവനത്തിന് നിര്‍മിതബുദ്ധിയും

Published

on

ജിദ്ദ: ഒരു വിമാനം മാത്രം ഉപയോഗിച്ച് സര്‍വീസ് ആരംഭിച്ച സൗദിയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ് പുതുയുഗത്തിലേക്ക് പദമൂന്നുന്നു. ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവ് 1945ല്‍ ഡി.സി3 ഇനത്തില്‍ പെട്ട സൗദിയ വിമാനത്തില്‍ യാത്ര ചെയ്തതിന്റെ വാര്‍ഷിക ദിനമായ സപ്തംബര്‍ 30ന് ‘ഒരു പുതിയ യുഗത്തിന്റെ തുടക്കം’ എന്ന പേരില്‍ നിരവധി പദ്ധതികളാണ് സൗദിയ പ്രഖ്യാപിച്ചത്. അഫീഫില്‍ നിന്ന് ത്വാഇഫിലേക്കായിരുന്നു അബ്ദുല്‍ അസീസ് രാജാവിന്റെ ആദ്യ യാത്ര.

പുതിയ ലോഗോയും ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഇളവും കാബിന്‍ ക്രൂവിന് പുതിയ യൂനിഫോമും മാത്രല്ല, യാത്രക്കാരുടെ സേവനത്തിന് ആദ്യമായി നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുകയാണ് സൗദിയ. ജിദ്ദയില്‍ നിരവധി പ്രമുഖ നേതാക്കളും മാധ്യമ ലേഖകരും വ്യോമയാന വിദഗ്ധരും പങ്കെടുത്ത സുപ്രധാന ചടങ്ങിലാണ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയും വിമാന ജീവനക്കാരുടെ വേഷവും അനാവരണം ചെയ്തത്.

ക്യാബിന്‍ ക്രൂവിനു പുറമേ ഗ്രൗണ്ട് സ്റ്റാഫിനും പുതിയ യൂനിഫോമാണ്. സൗദിയിലെ വിവിധ പ്രവിശ്യകളിലെ 40 ലേറെ ജനപ്രിയ ഭക്ഷണ വിഭവങ്ങള്‍ അടങ്ങിയ മെനുവും സൗദിയ പുറത്തുവിട്ടിട്ടുണ്ട്.

ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി നിരവധി സംരംഭങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ടിക്കറ്റ് ബുക്കിങും ഫ്‌ലൈറ്റ് നടപടിക്രമങ്ങളും കാര്യക്ഷമമാക്കാന്‍ യാത്രക്കാരെ അനുവദിക്കുന്ന ‘സൗദിയ വെര്‍ച്വല്‍ അസിസ്റ്റന്റ്’ പദ്ധതിയും പ്രഖ്യാപിച്ചു. ലോകത്ത് ആദ്യമായാണ് എഐ ഉപയോഗിച്ച് ഒരു വിമാന കമ്പനി ഇത്തരത്തില്‍ സംവിധാനമൊരുക്കുന്നത്. വോയ്‌സ് നല്‍കുകയോ ടെക്‌സ്റ്റ് സന്ദേശങ്ങള്‍ നല്‍കുകയോ ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും.

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി എളുപ്പത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ടിക്കറ്റെടുക്കാന്‍ അവസരമൊരുക്കുന്ന ഇവാലെറ്റ് സേവനവും സൗദിയ ആവിഷ്‌കരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും ഒരുകൂട്ടം നൂതന ഡിജിറ്റല്‍ സംവിധാനങ്ങളാണ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് സൗദിയ ഗ്രൂപ്പ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഇബ്രാഹിം ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഉമര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

1945ല്‍ ഒരു വിമാനത്തില്‍ നിന്ന് പ്രയാണമാരംഭിച്ച സൗദിയ നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 140 മോഡേണ്‍ എയര്‍ക്രാഫ്റ്റുകളുള്ള ലോകത്തെ ഏറ്റവും വലിയ എയര്‍ലൈനുകളില്‍ ഒന്നായി മാറിയെന്നും ഗ്രൂപ്പ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

സൗദിയയുടെ പേരും ലോഗോയും രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തിന്റെയും വികസനത്തിന്റെയും അവിഭാജ്യ ഘടകമാണ്. ജനങ്ങള്‍ ബ്രാന്‍ഡുമായി പ്രത്യേക വൈകാരിക ബന്ധം പങ്കിടുന്നു. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെയും ദര്‍ശനപരമായ സമീപനത്തെയും പ്രതിഫലിപ്പിക്കുന്ന ഘടകങ്ങള്‍ പുതിയ ലോഗോയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version