Gulf

പ്രവാസി ഹോം ഡെലിവറി ബോയ്സിനെ വിലക്കണമെന്ന് സൗദി എഴുത്തുകാരന്‍

Published

on

റിയാദ്: ഹോം ഡെലിവറി സേവനങ്ങള്‍ വ്യാപിക്കുന്നതിന്റെ ദൂഷ്യവശങ്ങള്‍ ചൂണ്ടിക്കാട്ടി വിദേശികളായ ഹോം ഡെലിവറി ബോയ്സിനെ വിലക്കണമെന്ന് സൗദി എഴുത്തുകാരന്‍. അല്‍ മദീന ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മുഹമ്മദ് അല്‍ മിര്‍വാനിയാണ് ഈ ആവശ്യമുന്നയിച്ചത്.

ഹോം ഡെലിവറി ബിസിനസ് തഴച്ചുവളരുന്നത് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മടിയുടെ ലക്ഷണമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. വിദേശി യുവാക്കള്‍ വീടുകളില്‍ കയറിച്ചെല്ലുന്നത് സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നു. കുടുംബാംഗങ്ങളുടെ സ്വകാര്യത നഷ്ടപ്പെടാനും ഇത് ഇടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുമ്പൊക്കെ ഒരു കുപ്പിവെള്ളം വേണമെങ്കില്‍ വാങ്ങാനായി ബഖാല (പലചരക്ക് കട) യിലേക്ക് നടക്കുകയോ വാഹനത്തില്‍ പോവുകയോ ചെയ്യുമായിരുന്നു. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു നല്ല മകനുണ്ടെങ്കില്‍, അവന്‍ നിങ്ങളുടെ ജോലി ഏറ്റെടുക്കും. എന്നാല്‍ ഇപ്പോള്‍, ശമ്പളംകിട്ടി കുറഞ്ഞ സമയത്തിനുള്ളില്‍ പണംതീരുന്നുവെന്ന പരാതികള്‍ക്കിടയിലും മടിയും അലസതയും വര്‍ധിക്കുന്നു- അദ്ദേഹം എഴുതി.

ഭക്ഷണം ഉണ്ടാക്കാന്‍ മാത്രമല്ല, പുറത്തുപോയി വാങ്ങാനും പുതിയ തലമുറ മടിക്കുകയാണ്. പണം ചെലവഴിച്ച് എളുപ്പവഴി കണ്ടെത്തുകയെന്നത് ഓരോ വീട്ടുകാരുടെയും ശീലമായി. കുട്ടികളും ചെറുപ്പക്കാരും ടിവിയുടെയോ മൊബൈലിന്റെയോ മുമ്പില്‍ തന്റെ ഇരിപ്പിടം ഉറപ്പിക്കുന്നു. വീട്ടിലേക്കും ജോലിസ്ഥലത്തേക്കും ഡെലിവറി ഏജന്റുമാരെ വിളിച്ചുവരുത്തുന്നു. മൊബൈല്‍ ക്ലിക്കിനപ്പുറത്ത് തന്നെ സേവിക്കാന്‍ മറ്റുള്ളവര്‍ ഉണ്ടെന്ന ചിന്ത ഇതിലൂടെ വളരുകയാണ്.

ഡെലിവറി ബിസിനസ് വ്യാപനത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം സ്വകാര്യത നഷ്ടപ്പെടുന്നതും സുരക്ഷാ പഴുതുകളുമാണെന്ന് എഴുത്തുകാരന്‍ അഭിപ്രായപ്പെടുന്നു. ഹോം ഡെലിവറി കമ്പനികളില്‍ നിയമപ്രകാരം പ്രവാസികള്‍ക്ക് ജോലി അനുവദിക്കുന്നുണ്ടെങ്കിലും സൗദികള്‍ക്ക് മാത്രം ജോലി നല്‍കാനാണ് ഈ ബിസിനസ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടേത് ഉള്‍പ്പെടെ മൊബൈല്‍ നമ്പറും ലൊക്കേഷനും ഡെലിവെറി ബോയ്‌സിന് ലഭിക്കുന്നു.

സമൂഹത്തില്‍ വ്യാപകമായ അലസത കാരണം ഹോം ഡെലിവെറി ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിട്ടുണ്ട്. ഒരു ജോലിയും വശമില്ലാത്ത സൗദി യുവാവ് ആ ജോലി ചെയ്യുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ പ്ലംബറായോ കാര്‍ ഡ്രൈവറായോ റിക്രൂട്ട് ചെയ്യപ്പെട്ട പ്രവാസിയെ ഡെലിവറി ജോലി ചെയ്യാന്‍ അനുവദിക്കരുത്. അയാളെ കൊണ്ടുവന്നത് ആ ജോലിക്ക് വേണ്ടിയല്ല- ലേഖകന്‍ ചൂണ്ടിക്കാട്ടി.

പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുന്നതിനും തൊഴില്‍മേഖലയില്‍ സ്വദേശിവത്കരണ നടപടികള്‍ സൗദി ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. സൗദിവത്കരണത്തിനു പുറമേ സ്വദേശി വനിതാവത്കരണവും നടപ്പാക്കിയതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ജോലിചെയ്യാന്‍ സൗദി വനിതകള്‍ മുന്നോട്ടുവന്നത് പ്രകടമായ മാറ്റമായിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സൗദി അറേബ്യയിലെ മൊത്തം ജനസംഖ്യയായ 3.22 കോടിയില്‍ 1.34 കോടി വിദേശികളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version