റിയാദ്: സൗദി വനിത നൗദ അൽ ഖഹ്താനിയാണ് 110-ാം വയസ്സിൽ സ്കൂളിൽ ചേർന്നത്. നട്ടെല്ലിന്‍റെ വളവിനെ തുടർന്ന് ഊന്നുവടികൊണ്ട് നടന്നാണ് നൗദ അൽ ഖഹ്താനി സ്ക്കൂളിലേക്ക് എത്തിയത്. നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം ഒരു പരിപാടി സംഘിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇവർ സ്ക്കൂളിലേക്ക് എത്തിയത്. സൗദിയുടെ തെക്ക് പടിഞ്ഞാറൻ ഗവർണറേറ്റിലെ അൽ റഹ്വ എന്ന സ്ഥലത്തുള്ള സ്കൂളിലാണ് നൗദ അൽ ഖഹ്താനി പഠിക്കാൻ വേണ്ടിയെത്തിയത്.
നാല് കുട്ടികൾ ആണ് ഇവർക്കുള്ളത്. മൂത്ത കുട്ടിക്ക് 80 വയസ്സും ഇളയ കുട്ടിക്ക് 50 വയസ്സും പ്രായമുണ്ട്. വായിക്കാനും എഴുതാനും പഠിക്കുന്നത് തൻറെ ജീവിതത്തെ മാറ്റിമറിച്ചതായി നൗദ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ‘തന്റെ നല്ല കാലം അക്ഷരം പഠിക്കാതെ കടന്നു പോയി അതിലിപ്പോൾ സങ്കടമുണ്ട്, താൻ ഈ പ്രായത്തിൽ മുന്നോട്ടുവന്നത് പലർക്കും പ്രചേദനമാകട്ടെ എന്ന് മാത്രം കരുതുന്നൊള്ളു എന്നും’ അവർ കൂട്ടിച്ചേർത്തു.
110-ാം വയസ്സിൽ മാതാവ് പഠിക്കാൻ തീരുമാനിച്ചതിന് മക്കൾ പൂർണ്ണ പിന്തുണയാണ് നൽകുന്നത്. 60 വയസുള്ള മകനാണ് ഉമ്മയെ എന്നും സ്ക്കൂളിൽ എത്തിക്കുന്നത്. ഞങ്ങൾക്ക് സന്തോഷവും അഭിമാനവും ഉള്ള നിമിഷമാണ് ഇതെന്ന് ഇളയ മകൻ പ്രതികരിച്ചു. ഞങ്ങളുടെ മാതാവിന് ഇത്തരത്തിലൊരു അവസരം നൽകിയ വിദ്യാഭ്യാസ വകുപ്പിന് നേതൃത്വം നൽകുന്ന ഭരണാധികാരിക്ക് കുടംബം നന്ദി പറഞ്ഞു.