Gulf

സൗദിയിൽ പുതിയ അധ്യയന വര്‍ഷത്തിൽ ഗതാഗത നിയമങ്ങള്‍ ശക്തമാക്കി; ലംഘിച്ചാൽ 6000 റിയാല്‍ വരെ പിഴ

Published

on

റിയാദ്: സൗദി അറേബ്യയില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായതോടെ ഗതാഗത നിയമങ്ങള്‍ ശക്തമാക്കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. സ്‌കൂള്‍ ബസുകളെ ഓവര്‍ടേക്ക് ചെയ്യുന്നവര്‍ക്ക് 6000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നല്‍കി. സ്‌കൂള്‍ സമയങ്ങളില്‍ സൗദിയിലെ പ്രധാന പാതകളിലെല്ലാം രാവിലെയും വൈകുന്നേരവും വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌കൂള്‍ ബസുകളില്‍ നിന്ന് വിദ്യാര്‍ഥികളെ ഇറക്കുകയോ കയറ്റുകയോ ചെയ്യുന്ന സമയത്ത് മറ്റു വാഹനങ്ങള്‍ സമീപത്തുകൂടി കടന്നുപോകുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ വിലയിരുത്തല്‍. സ്‌കൂള്‍ വാഹനങ്ങള്‍ നിര്‍ത്തുന്ന സമയങ്ങളില്‍ മറ്റ് വാഹനങ്ങള്‍ മറികടന്ന് പോകരുതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. നിയമലംഘനങ്ങള്‍ക്ക് 3,000 മുതല്‍ 6,000 റിയാല്‍ വരെ പിഴ ഈടാക്കും. വിദ്യാര്‍ഥികളെ സുരക്ഷിതമായി റോഡരികിലേക്ക് മാറ്റുകയോ വാഹനത്തില്‍ കയറ്റുകയോ ചെയ്ത ശേഷം സ്‌കൂള്‍ ബസ് പുറപ്പെട്ടാല്‍ മാത്രമേ മറ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ അനുമതിയുളളു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നടക്കം ആറ് ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും ജീവനക്കാരുമാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത്.

അതേസമയം, രാജ്യത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ മൂന്നിനായിരിക്കും ഈ മേഖലയിലെ സ്‌കൂളുകള്‍ തുറക്കുക. എന്നാല്‍ ഒന്‍പത് മുതല്‍ 12 വരെയുളള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓണ്‍ലെനില്‍ പഠനം ലഭ്യമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version