റിയാദ്: സൗദി അറേബ്യയില്‍ പണം കൊള്ളയടിച്ച സംഘത്തെ റിയാദ് പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ബാങ്കില്‍ നിന്ന് പണം കൊണ്ടുപോവുകയായിരുന്ന വാഹനത്തില്‍ നിന്ന് 10 ലക്ഷം റിയാല്‍ (2.21 കോടിയിലധികം രൂപ) കൊള്ളയടിച്ച സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് വെടിവയ്പില്‍ കവര്‍ച്ചക്കാരിലൊരാള്‍ കൊല്ലപ്പെട്ടു. കവര്‍ച്ചാസംഘത്തിലെ മറ്റൊരാള്‍ക്ക് പരിക്കേറ്റു.
ആയുധധാരികളായ രണ്ടു പേര്‍ ഒരു മണി ട്രാന്‍സ്‌പോര്‍ട്ട് വാഹനത്തില്‍ നിന്നാണ് പണം കവര്‍ന്നത്. വിവരം ലഭിച്ച റിയാദ് മേഖലയിലെ സുരക്ഷാ പട്രോളിങ് വിഭാഗം വാഹനത്തെ നിരീക്ഷിക്കുകയും തടയുകയുമായിരുന്നു. ഇതോടെ കൊള്ള സംഘം സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച് മറ്റൊരു സ്വകാര്യ വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. സ്വകാര്യ വാഹനത്തിലെ ഡ്രൈവറെ വെടിവെച്ച് പരിക്കേല്‍പ്പിച്ചാണ് അക്രമികള്‍ അയാളുടെ വാഹനം തട്ടിയെടുത്തത്.
ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനത്തെ പിന്തുടരുകയും കവര്‍ച്ചാസംഘത്തിനു നേരെ നിറയൊഴിക്കുകയായിരുന്നു. കവര്‍ച്ചക്കാരിലൊരാള്‍ വെടിയേറ്റു മരിച്ചു. സംഘത്തിലെ രണ്ടാമനെ പരിക്കുകളോടെ പിടികൂടുകയും പണം വീണ്ടെടുക്കുകയുമായിരുന്നു. വാഹനവും പിടിച്ചെടുത്തു. നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിച്ചതായും റിയാദ് പോലീസ് അറിയിച്ചു.