Gulf

തൊഴിൽ നിയമലംഘനങ്ങളുടെ പിഴത്തുകയിൽ മാറ്റം വരുത്തി സൗദി; പുതിയ നിർദേശങ്ങളറിയാം, പുതുക്കിയ പിഴകൾ ഇങ്ങനെ

Published

on

റിയാദ്: തൊഴിൽ നിയമലംഘനങ്ങളുടെ പിഴകളിൽ ഭേദഗതി വരുത്തി സൗദി . സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം കണക്കാക്കി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് പിഴകളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. പൊതു ജനാഭിപ്രായം തേടി മന്ത്രാലയം പൊതു പ്ലാറ്റ് ഫോമിൽ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തി. തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകുന്നതിൽ വീഴ്ച വരുത്തിയാലുള്ള പിഴയിൽ ഉൾപ്പടെ മാറ്റം വരുത്തിയിട്ടുണ്ട്. അറിയാം മാറ്റം വരുത്തിയ പിഴകൾ

തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകുന്നതിൽ വീഴ്ച വരുത്തിയാലുള്ള പിഴ എ വിഭാഗത്തിന് 10,000 റിയാൽ ആയിരുന്നു. എന്നാൽ ഇത് കുറച്ച് 1000 റിയാൽ ആക്കി. ബി വിഭാഗത്തിന് 5,000 റിയാൽ ആയിരുന്നു പിഴ ഈടാക്കിയിരുന്നത്. ഇത് കുറച്ച് 500 റിയാൽ ആക്കിയിട്ടുണ്ട്. സി വിഭാഗത്തിന് 3,000 റിയാൽ ആയിരുന്നു പിഴ ഈടാക്കിയിരുന്നത്. അത് കുറച്ച് 300 റിയാൽ ആക്കിയിട്ടുണ്ട്.
തൊഴിലാളികൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചതിനുള്ള പിഴയിലും മാറ്റം വരുത്തിയിട്ടുണ്ട്. എ കാറ്റഗറിയിൽപ്പെട്ടവർക്ക് 5000 റിയാൽ ആണ് പിഴ ഈടാക്കിയിരുന്നത്. ഇത് കുറച്ച് 1000 റിയാൽ ആക്കി മാറ്റിയിട്ടുണ്ട്. ബി കാറ്റഗറിയിൽപ്പെട്ടവർക്ക് 2000 റിയാൽ ആയിരുന്നു പിഴ ഈടാക്കിയിരുന്നത്. ഇത് കുറച്ച് 500 റിയാൽ ആക്കിയിട്ടുണ്ട്. സി കാറ്റഗറിക്ക് 1000 റിയാൽ ആയിരുന്നു പിഴ. ഇത് കുറച്ച് 300 റിയാൽ ആക്കിയിട്ടുണ്ട്.

ചൂട് കൂടിയ സാഹചര്യത്തിൽ തൊഴിലാളികൾക്ക് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. മോശം സാഹചര്യത്തിൽ തൊഴിലാളികളെകെണ്ട് ജോലി ചെയ്യിപ്പിച്ചാൽ ഈടാക്കുന്ന പിഴ 3000 റിയാലിൽ നിന്ന് 1000 റിയാൽ ആയി കുറച്ചിട്ടുണ്ട്.
സുരക്ഷ, ആരോഗ്യം എന്നിവയുടെ നിയമങ്ങൾ പാലിക്കാത്തതിനുള്ള പിഴ മന്ത്രാലയം എ ക്ലാസ് സ്ഥാപനങ്ങൾക്ക് 10,000 ൽ നിന്ന് 5,000 ആയും ബി ക്ലാസ് സ്ഥാപനങ്ങൾക്ക് 5,000 ൽ നിന്ന് 2,500 ആയും സി ക്ലാസിന് 2,500 ൽ നിന്ന് 1,500 ആയി കുറച്ചിട്ടുണ്ട്. പ്രസവത്തെത്തുടർന്നുള്ള അവധിയിലുള്ള സ്ത്രീകളെ ജോലി ചെയ്യിപ്പിച്ചാലുള്ള പിഴ 10,000 റിയാലിൽ നിന്ന് 1000 റിയാൽ ആയി കുറച്ചിട്ടുണ്ട്. ബാലവേല ചെയ്യിക്കുന്നതിനുള്ള പിഴ എ വിഭാഗത്തിന് 20,000 റിയാലിൽ നിന്ന് 2000 റിയാൽ ആയി കുറച്ചു. വനിതകൾക്കുള്ള തൊഴിലവസരം സൗദി പുരുഷന്മാർക്ക് നൽകിയാൽ ഉണ്ടായിരുന്ന പിഴ 10,000, 5,000, 2,500 എന്നിവയിൽ നിന്ന് എല്ലാ കാറ്റഗറിക്കും 1000 റിയാലാക്കി കുറച്ചു. മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്ന വിവരങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞാൽ ഈടാക്കുന്ന പിഴ 20,000 റിയാൽ ആയിരുന്നു ഇത് കുറച്ച് 3,000 റിയാൽ ആക്കി.

തൊഴിലാളികൾക്കിടയിലോ, അവരുടെ ശമ്പളത്തിലോ വിവേചനം കാണിച്ചാൽ 10,000, 5000, 2500 എന്നിങ്ങനെയായിരുന്ന എ,ബി,സി കാറ്റഗറികൾ അനുസരിച്ച് ഈടാക്കിയിരുന്ന പിഴ. ഇത് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെ കുറക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
സ്വദേശികളെ ജോലിക്ക് നിയമിക്കേണ്ട സ്ഥാനത്ത് വിദേശികളെ നിയമിച്ചാൽ 20,000, 10,000, 5000 എന്നിങ്ങനെയായിരുന്നു പിഴകൾ ഉണ്ടായിരുന്നത്. ഇവയിലും മാറ്റം വരുത്തിയിട്ടുണ്ട്. എ ബി സി എന്നീ കാറ്റഗറികൾക്ക് യഥാക്രമം 8,000, 4000, 2000 റിയാൽ എന്നിങ്ങനെയായി പിഴ കുറച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകിതിരുന്നാൽ എ ബി സി കാറ്റഗറികൾ യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ ആയിരുന്നു പിഴ ഈടാക്കിയിരുന്നത്. ഇത് 300 റിയാൽ ആക്കി ചുരുക്കി. ക്ലാസ് എ 50 തൊഴിലാളികളോ അതിൽ കൂടുതലോ ഉള്ള സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. എന്നാൽ ക്ലാസ് ബിയിൽ 21 മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ആണ് ഉൾപ്പെടുന്നത്. ക്ലാസ് സിയിൽ 20 തൊഴിലാളികളോ അതിൽ കുറവോ ഉള്ള സ്ഥാപനങ്ങൾ ആണ് ഉൾപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version