റിയാദ്: 2034 ലെ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്താന്‍ സന്നദ്ധത അറിയിച്ച് സൗദി അറേബ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന് (ഫിഫ) ഔദ്യോഗികമായി കത്ത് നല്‍കി. ആതിഥേയത്വത്തിന് തയാറുള്ള രാജ്യങ്ങളില്‍ നിന്ന് ഫിഫ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടുത്ത മാസം 30 വരെയാണ്. അതിനു മുമ്പായി രേഖകള്‍ ഫിഫയക്ക് സമര്‍പ്പിക്കണം.
സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫക്ക് രേഖകള്‍ സമര്‍പ്പിക്കുകയും കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യ-ഓഷ്യാന രാജ്യങ്ങള്‍ക്കാണ് 2034ലെ ലോകകപ്പ് നടത്തിപ്പ് അവകാശം. ഇതുവരെ മറ്റു രാജ്യങ്ങളൊന്നും വേദിക്കായി രംഗത്തുവന്നിട്ടില്ല. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പിന്തുണ സൗദിക്കുണ്ട് എന്നതും നിര്‍ണായകമാണ്. എഎഫ്‌സി മേധാവി പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫിഫയുടെ 211 അംഗ രാജ്യങ്ങളില്‍ എഴുപതിലേറെ അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് സൗദി അറേബ്യ അറിയിച്ചു.
ലോകകപ്പ് ആതിഥേയരെ അന്തിമമായി തീരുമാനിക്കാന്‍ ഇനിയും സമയമുണ്ടെങ്കിലും 37 അംഗ ഫിഫ കൗണ്‍സില്‍ ഏകദേശ ധാരണയിലെത്തിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2030, 2034 ലോകകപ്പുകളുടെ ആതിഥേയരെ പ്രഖ്യാപിക്കുക അടുത്ത വര്‍ഷം അവസാനമായിരിക്കും. 2034 ലെ ലോകകപ്പ് വേദി തെരഞ്ഞെടുക്കാനുള്ള സമയക്രമം ഫിഫ നേരത്തെയാക്കുകയായിരുന്നു. സൗദി ഔദ്യോഗികമായി കത്ത് നല്‍കിയതോടെ മറ്റു രാജ്യങ്ങള്‍ ഇനി രംഗത്തുവരില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സന്നദ്ധ അറിയാക്കാനുള്ള സമയം അടുത്ത മാസം അവസാനിക്കുകയും ചെയ്യും.
നേരത്തേ ഗ്രീസുമായും ഈജിപ്തുമായും സഹകരിച്ച് ലോകകപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്ന സൗദി ഒറ്റയ്ക്ക് നടത്താനാണ് ബിഡ് നല്‍കിയിരിക്കുന്നത്. 2034 ലെ ലോകകപ്പിനായി സൗദിക്ക് പുറമേ ഓസ്‌ട്രേലിയ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ശക്തമായി രംഗത്തുവന്നിട്ടില്ല. ന്യൂസിലാന്റുമായി ചേര്‍ന്ന സംയുക്തമായി ലോകകപ്പ് നടത്താന്‍ ആലോചിച്ചിരുന്നുവെങ്കിലും എട്ടാഴ്ചക്കകം അവര്‍ക്ക് ഫിഫയുമായി കരാറൊപ്പിടാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. പല തലങ്ങളിലൂടെ കടന്നുപോവേണ്ടതുള്ളതിനാല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ രണ്ട് ഗവണ്‍മെന്റുകളുടെ കൂടി അംഗീകാരമുള്ള കരാര്‍ തയാറാക്കുക ഈ രാജ്യങ്ങള്‍ക്ക് പ്രയാസമായിരിക്കും. അപേക്ഷ നല്‍കുമ്പോള്‍ തന്നെ 40,000 പേര്‍ക്കിരിക്കാവുന്ന ഏഴ് സ്റ്റേഡിയങ്ങളെങ്കിലും വേണമെന്ന നിബന്ധനയും അവര്‍ക്ക് പാലിക്കാനാവില്ല. ബാക്കിയുള്ള ഏഴ് സ്‌റ്റേഡിയങ്ങള്‍ പിന്നീട് നിര്‍മിച്ചാല്‍ മതിയാവും.
2027ലെ ഏഷ്യന്‍ കപ്പിനൊരുങ്ങുന്ന സൗദിക്ക് ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ വിവിധ നഗരങ്ങളിലായി മികച്ച സ്റ്റേഡിയങ്ങളുണ്ട്. കൂടുതല്‍ സ്‌റ്റേഡിയങ്ങള്‍ പണിതുവരുന്നു. സാമ്പത്തിക സന്നാഹങ്ങളും സുരക്ഷയും ലോകകപ്പ് പോലുള്ള കായിക മാമാങ്കത്തിന് പ്രധാനമാണ്. ഈ ഘടകങ്ങളും സൗദിക്ക് അനുകൂലമാണ്. 2018 ലെ റഷ്യയിലെ ലോകകപ്പ് മുതല്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരനും തമ്മിലും ഊഷ്മള ബന്ധവും സൗദിക്ക് തുണയാകുമെന്ന്് പ്രതീക്ഷിക്കപ്പെടുന്നു.