Gulf

പലസ്തീനികള്‍ക്കെതിരായ യുദ്ധക്കുറ്റം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തി സൗദി കിരീടാവകാശിയും ഇറാന്‍ പ്രസിഡന്റും

Published

on

റിയാദ്: പലസ്തീനികള്‍ക്കെതിരായ യുദ്ധക്കുറ്റം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും ചര്‍ച്ച നടത്തിയതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) അറിയിച്ചു. പശ്ചിമേഷ്യയില്‍ വര്‍ഷങ്ങളായി ഇറാനും സൗദിയും രാഷ്ട്രീയ സംഘര്‍ഷ മേഖലകളില്‍ വിരുദ്ധചേരിയിലാണ് നിലയുറപ്പിച്ചിരുന്നത്.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നയതന്ത്രബന്ധം വിച്ഛേദിച്ച ഇറാനും സൗദിയും കഴിഞ്ഞ മാര്‍ച്ചില്‍ ചൈനയുടെ മധ്യസ്ഥതയില്‍ ബന്ധം പുനഃസ്ഥാപിച്ചിരുന്നു. ഇതിനു ശേഷം ആദ്യമായാണ് സൗദി കിരീടാവകാശിയും ഇറാന്‍ പ്രസിഡന്റും സംഭാഷണം നടത്തുന്നത്.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ഒക്ടോബര്‍ 11 ബുധനാഴ്ച സൗദി കിരീടാവകാശിയെ ഫോണില്‍ ബന്ധപ്പെട്ടതായും സംഭാഷണം 45 മിനിറ്റ് നീണ്ടുനിന്നതായും എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. ഗസയിലെയും അതിന്റെ ചുറ്റുപാടുകളിലെയും നിലവിലെ സൈനിക സാഹചര്യം വിലയിരുത്തിയെന്നും ഫലസ്തീനികള്‍ക്കെതിരെ നടക്കുന്ന യുദ്ധക്കുറ്റങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘര്‍ഷം ശക്തിപ്പെടുന്നത് തടയാന്‍ മേഖലയിലെ രാജ്യങ്ങളുമായും മറ്റ് വിദേശ രാജ്യങ്ങളുമായും ബന്ധപ്പെട്ട് സാധ്യമായ എല്ലാ ശ്രമങ്ങളും സൗദി അറേബ്യ നടത്തുന്നുണ്ടെന്ന് കിരീടാവകാശി ഇറാനെ അറിയിച്ചു. സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ഏത് രൂപത്തിലുമുള്ള ആക്രമണത്തെയും അംഗീകരിക്കാനാവില്ലെന്ന സൗദി അറേബ്യയുടെ നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഹമാസ് തെക്കന്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്തിയതോടെയാണ് ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം വീണ്ടും ശക്തിപ്പെട്ടത്.

ഏഴ് വര്‍ഷത്തിലേറെ നയതന്ത്രബന്ധം വിച്ഛേദിച്ച ഇറാനും സൗദിയും തമ്മില്‍ കഴിഞ്ഞ മാര്‍ച്ച് മുതലാണ് അടുക്കാന്‍ തുടങ്ങിയത്. ബന്ധം പുനസ്ഥാപിക്കുന്നതിന് ചൈനീസ് മധ്യസ്ഥതയില്‍ ഉടമ്പടിയുണ്ടാക്കിയിരുന്നു. ഇതനുസരിച്ച് ജൂണ്‍ ആദ്യത്തില്‍ റിയാദിലെ എംബസിയും ജിദ്ദയിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്റെ കോണ്‍സുലേറ്റ് ജനറല്‍ പ്രതിനിധി ഓഫീസും ഇറാന്‍ വീണ്ടും തുറന്നു. ഇതുപ്രകാരം അംബാസഡര്‍മാരെ നിയമിക്കുകയും വിദേശകാര്യമന്ത്രിമാര്‍ പരസ്പര സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

ഷിയാ പുരോഹിതന്‍ നിമര്‍ അല്‍ നിമറിനെ റിയാദ് വധശിക്ഷയ്ക്ക് വിധേയമാക്കിയതാണ് ബന്ധങ്ങള്‍ ഉലച്ചത്. നിമറിനെ വധിച്ചതിനെതിരായ പ്രതിഷേധത്തിനിടെ ഇറാനിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ ആക്രമിക്കപ്പെട്ടതോടെ 2016ലാണ് ഇരുരാജ്യങ്ങളും ബന്ധം വിച്ഛേദിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ചൈനയുടെ മധ്യസ്ഥതയിലുണ്ടാക്കിയ കരാറിനു പിന്നാലെ സൗദി അറേബ്യ ഇറാന്റെ സഖ്യകക്ഷിയായ സിറിയയുമായുള്ള ബന്ധവും പുനഃസ്ഥാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version