Gulf

ലോകത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം സൗദിയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

Published

on

റിയാദ്: എണ്ണ ഇതര വരുമാന വൈവിധ്യവല്‍ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തിയതോടെ സൗദി അറേബ്യയുടെ സാമ്പത്തിക മേഖല വലിയ മുന്നേറ്റം കൈവരിച്ചതായി റിപ്പോര്‍ട്ട്. സൗദി വിഷന്‍ 2030ന്റെ ഭാഗമായുള്ള പരിഷ്‌കരണ നടപടികള്‍ സമീപകാലത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമാക്കി സൗദിയെ മാറ്റിയെന്ന് ലോകബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ (2015 മുതല്‍ 2022വരെ) സൗദി 66 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് കൈവരിച്ചത്. ഇതേ കാലയളവില്‍ 64 ശതമാനം വളര്‍ച്ച നേടി റഷ്യ സൗദിക്ക് പിന്നില്‍ രണ്ടാം സ്ഥാനം നേടിയെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. 62 ശതമാനം വളര്‍ച്ച നേടി ചൈന മൂന്നാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്തുള്ള ഇന്ത്യ 61 ശതമാനവും അഞ്ചാം സ്ഥാനത്തുള്ള ഇന്തോനേഷ്യ 53 ശതമാനവും ആറാം സ്ഥാനത്തുള്ള അമേരിക്ക 40 ശതമാനവും വളര്‍ച്ച കൈവരിച്ചു.
കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചുമതലയേറ്റ ശേഷമാണ് സൗദി വിഷന്‍ 2030 എന്ന പേരില്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. എണ്ണ കയറ്റുമതിയെ മാത്രം ആശ്രയിച്ചിരുന്ന സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിച്ച് മറ്റു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനാണ് ഇതില്‍ ഊന്നല്‍ നല്‍കുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക നേട്ടമാണ് 2022ല്‍ ഉണ്ടായത്. 1.11 ട്രില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം. 2015ല്‍ ഇത് 669.5 ബില്യണ്‍ ഡോളറായിരുന്നു.
പ്രാദേശിക, അന്തരദേശീയ ഏജന്‍സികള്‍ കണക്കുകൂട്ടിയതിനേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ടൂറിസം, വാണിജ്യം, നിക്ഷേപം, കൃഷി, കയറ്റുമതി മേഖലകളിലെല്ലാം വിപ്ലവകരമായ മുന്നേറ്റമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version