മക്ക: മസ്ജിദുല്‍ ഹറാമിനെ കോഡഡ് സോണുകളായി വിഭജിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നു. തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കും വിശാലമായ ഭാഗങ്ങള്‍ വ്യക്തമായി തിരിച്ചറിയാനും എളുപ്പത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കാനുമാണ് ഭൂമിശാസ്ത്രപരമായ ഈ അടയാളപ്പെടുത്തല്‍.
ഇതിനായി ഇരു ഹറം കാര്യാലയ അതോറിറ്റി (മക്ക ഗ്രാന്‍ഡ് മോസ്‌കിന്റെയും മദീനയിലെ പ്രവാചക പള്ളിയുടെയും പരിപാലനത്തിനുള്ള ജനറല്‍ അതോറിറ്റി) സൗദി പോസ്റ്റല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വീസസ് കമ്പനിയുമായി (എസ്പിഎല്‍) ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കും വഴിതെറ്റാതെ മസ്ജിദിന്റെ ഓരോ ഭാഗത്തേക്ക് പോകാനും എത്തേണ്ട സ്ഥലം ചോദിച്ചറിയാനും കോഡഡ് സോണുകളായി വിഭജിക്കുന്നത് ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്. മക്ക മസ്ജിദുല്‍ ഹറാമിന്റെ ഭാഗങ്ങളും അതിന്റെ വിശാലമായ പുറംമുറ്റവും ഓരോരോ ഭാഗങ്ങളായി കൃത്യമായി നിര്‍ണയിക്കുന്നത് സംബന്ധിച്ച് പഠനം നടത്താനാണ് ധാരണാപത്രത്തിലെ വ്യവസ്ഥ.
ജീവനക്കാരെ വിന്യസിക്കുന്നതിനും അവരുടെ സേവനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വര്‍ഷം വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം 1.35 കോടി കവിഞ്ഞിരുന്നു. 2030ഓടെ മൂന്നു കോടി ഉംറ വിസ അനുവദിക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. സൗദി വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തി ഇതിനായി സൗകര്യങ്ങള്‍ വികസിപ്പിച്ചുവരികയാണ്.