Gulf

റഫയില്‍ ആക്രമണം നടത്താനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരേ മുന്നറിയിപ്പുമായി സൗദി അറേബ്യ

Published

on

റിയാദ്: ഗസ മുനമ്പിലെ തെക്കന്‍ നഗരമായ റഫയ്ക്ക് നേരെ ആക്രമണം നടത്താനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ. യുദ്ധത്തിന്റെ കെടുതിയില്‍ നിന്ന് രക്ഷതേടി ആയിരക്കണക്കിന് ഫലസ്തീനികള്‍ അഭയം തേടിയ റഫയിലേക്ക് കൂടി ആക്രമണം വ്യാപിപ്പിക്കുന്നത് അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.

സിവിലിയന്‍മാരുടെ അവസാനത്തെ അഭയകേന്ദ്രമാണ് റഫയെന്ന് ചൂണ്ടിക്കാട്ടിയ സൗദി അതിക്രൂരമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നതെന്നും സൗദി അറേബ്യ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക മര്യാദകളുടെയും നഗ്നമായ ലംഘനമാണ് പലസ്തീനില്‍ നടക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ഉടന്‍ യോഗം ചേര്‍ന്ന് ഇസ്രായേലിന്റെ ക്രൂരത അവസാനിപ്പിച്ചില്ലെങ്കില്‍ മാനുഷിക ദുരന്തമാണ് ഉണ്ടാവുകയെന്നും സൗദി അറേബ്യ ചൂണ്ടിക്കാട്ടി.

ഗസയിലെ 24 ലക്ഷം ജനങ്ങളില്‍ പകുതിയും ഇപ്പോള്‍ റഫ നഗരത്തില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. ടെന്റുകളിലും താല്‍ക്കാലിക ഷെല്‍ട്ടറുകളിലും ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതെയും ശുചിത്വമില്ലാതെയും ജീവിതം തള്ളിനീക്കുകയാണവര്‍. പലസ്തീനില്‍ ജനിച്ചുവളര്‍ന്ന ജനതയെ കുടിയൊഴിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു. സിവിലിയന്‍മാരെ ഒഴിപ്പിക്കുന്നതിനെതിരായ സൗദി അറേബ്യയുടെ പ്രഖ്യാപിത നിലപാട് പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

റഫയില്‍ ജനവാസ കേന്ദ്രങ്ങള്‍ ആക്രമിക്കാനും ഹമാസ് പ്രവര്‍ത്തകരെ നേരിടാനും ഇസ്രായേല്‍ സൈന്യത്തിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശിച്ചതിനു പിന്നാലെയാണ് സൗദിയുടെ മുന്നറിയിപ്പ്.

റഫ ഒഴിപ്പിക്കാനും ഹമാസ് പ്രവര്‍ത്തകരെ പൂര്‍ണമായി ഇല്ലാതാക്കാനും സൈനിക നടപടി ആരംഭിക്കാന്‍ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. നെതന്യാഹുവിന്റെ നീക്കത്തെ പലസ്തീന്‍ പ്രസിഡന്റ് അപലപിച്ചു. ഇത്തരം വിനാശകരമായ നയങ്ങള്‍ വന്‍തോതിലുള്ള കുടിയൊഴിപ്പിക്കലിന് ഇടയാക്കും. അനന്തരഫലങ്ങള്‍ക്ക് ഇസ്രായേല്‍ സര്‍ക്കാരും യുഎസ് ഭരണകൂടവും പൂര്‍ണ ഉത്തരവാദികളായിരിക്കുമെന്നും പലസ്തീന്‍ പ്രസിഡന്റ്് പ്രസ്താവനയില്‍ പറഞ്ഞു.

പലസ്തീന്‍ ജനത തങ്ങളുടെ ഭൂമി ഉപേക്ഷിക്കില്ലെന്നും മാതൃരാജ്യത്ത് നിന്ന് പലായനം ചെയ്യുന്നത് അംഗീകരിക്കില്ലെന്നും പ്രസിഡന്റ്് വ്യക്തമാക്കി. അധിനിവേശ സേനയുടെ ഈ നടപടി മേഖലയിലും ലോകത്തും സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണ്. എല്ലാ അതിര്‍വരമ്പുകളും ഇസ്രായേല്‍ ലംഘിക്കുകയാണെന്നും യുഎന്‍ രക്ഷാസമിതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഴ്ചകള്‍ക്ക് മുമ്പ് റഫയോട് ചേര്‍ന്നുള്ള ഖാന്‍ യൂനിസിന് നേരെ ഇസ്രായേല്‍ സൈന്യം ചെറുതും വലുതുമായ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version