Kerala

ഫോര്‍ട്ട് കൊച്ചിയിലും വൈപ്പിന്‍ തീരത്തും ‘ചാകര’ ചാളയെ ചാക്കിലാക്കാനുളള തിരക്കിൽ ജനങ്ങളും

Published

on

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലും വൈപ്പിന്‍ തീരത്തും ചാള ചാകര. ഇന്നലെ വൈകിട്ടാണ് ചാളയുടെ ചാകരയെ കാണാൻ കഴിഞ്ഞത്. കുറച്ച് ദിവസങ്ങളായി ഇരുകരകളിലും തിരമാലയ്‌ക്കൊപ്പം കരയിലേക്കെത്തുന്ന ചാളയെ ചാക്കിലാക്കാനുളള തിരക്കിലായിരുന്നു അവിടെത്തിയ ആളുകളും.

ഫോര്‍ട്ട് കൊച്ചിയിലും വൈപ്പിന്‍ റോ റോ ജങ്കാര്‍ ജെട്ടിക്കരികിലുമായിരുന്നു ചാള ചാകരയെത്തിയത്. ഇന്നലെ വൈകിട്ട് 5.30ഓടെ തിരമാലകള്‍ക്കൊപ്പം ചാളക്കൂട്ടങ്ങള്‍ കരയിലേക്ക് അടിച്ച് കയറുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരത്ത് ചാളകള്‍ തിരയ്‌ക്കൊപ്പം തീരത്തെത്തുന്നത്.

അപ് വെല്ലിങ് എന്ന പ്രതിഭാസമാണ് ഇത്തരത്തില്‍ ചാളകള്‍ ഉപരിതലത്തിലെത്താനുളള കാരണമെന്ന് വിദഗ്ധര്‍ പറയുന്നത്‌. എന്തായാലും ചാള കയ്യില്‍ കിട്ടിയതോടെ വറുത്തും കറിവച്ചും കഴിക്കാലോ എന്ന സന്തോഷത്തിലാണ് കൊച്ചി നിവാസികള്‍.

ഇതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലും മത്സ്യത്തൊഴിലാളികളുടെ കേരളത്തിന്റെ സൈന്യം പോലുള്ള വാട്‌സാപ്പ് കൂട്ടായ്മകളിലും വൈറലായി. സാധാരണ മീനുകള്‍ കരയ്ക്ക് കയറുന്ന പതിവില്ലെങ്കിലും ചാളകള്‍ കരയിലേക്ക് ഓടിക്കയറാറുണ്ട്. സമീപകാലത്തായി കൊച്ചിയുടെ കരയ്ക്ക് സമീപത്താണ് കേരള തീരത്ത് കൂടുതലായും ചാളകളെ കാണാറുള്ളത്.

കഴിഞ്ഞ ശനിയാഴ്ച തീരത്ത് ചെറിയ തോതില്‍ ചാള ചാകര ഉണ്ടായിരുന്നു. എന്നാല്‍, ഇന്നലെ പകലോടെ ഇത് ജെങ്കാര്‍ ജെട്ടിക്ക് സമീപത്തേക്ക് നീങ്ങുകയായിരുന്നു. ശനിയാഴ്ച വളരെ കുറച്ച് നേരത്തേക്ക് മാത്രമാണ് ചാള കൂട്ടങ്ങളെ കണ്ടത്. എന്നാല്‍, ഇന്നലെ പകല്‍ വലിയ തോതിലുള്ള ചാള കൂട്ടത്തെയാണ് ജെങ്കാര്‍ ജെട്ടിക്ക് സമീപത്ത് കണ്ടത്. ഇത് കുറച്ച് അധികം നേരം നീണ്ടുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version