2024 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിലെ പ്രധാന ടൂർണമെന്റ് ടി20 ലോകകപ്പാണ്. ഈ വർഷം ജൂണിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. 2013 ന് ശേഷം ഒരു ഐസിസി കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ലാത്ത ടീം ഇന്ത്യ ഇക്കുറി ഏത് വിധേനയും കിരീടം നേടാനാകും ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച ടീമിനെത്തന്നെ ലോകകപ്പിൽ ഇന്ത്യ അണിനിരത്തും.
അതേ സമയം ടി20 ലോകകപ്പിന് മുൻപ് ഇന്ത്യൻ ടീമിന് വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഈ മാസം അഫ്ഗാനിസ്ഥാനെതിരെയാണ് ഈ മത്സരങ്ങൾ. ഇത് കൊണ്ടു തന്നെ ലോകകപ്പ് ടീം സെലക്ഷൻ ഇന്ത്യയ്ക്ക് വലിയ തലവേദനയാകുമെന്നാണ് കരുതപ്പെടുന്നത്. അതിനിടെ ഇപ്പോളിതാ വരാനിരിക്കുന്ന ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചാവും ഇന്ത്യ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുകയെന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നു.
ടി20 ലോകകപ്പിന് മുൻപ് ഇന്ത്യയുടെ അവസാന ടി20 മത്സരം ജനുവരിയിലാണ്. പരിക്കും മറ്റും മൂലം പല പ്രധാന കളിക്കാരും ഈ മത്സരങ്ങളിൽ സെലക്ഷന് ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് ഐപിഎല്ലിലെ പ്രകടനങ്ങൾ കൂടി പരിഗണിച്ച് ടി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കാമെന്ന് ബിസിസിഐ തീരുമാനിച്ചതെന്നാണ് സൂചന. ഐപിഎൽ ആദ്യ മാസത്തെ പ്രകടനങ്ങളാവും ലോകകപ്പ് ടീം സെലക്ഷനിൽ നിർണായകമാവുക.
നിലവിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളിൽ ഇല്ല. എന്നാൽ വരാനിരിക്കുന്ന ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി ഒരു അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചാൽ സഞ്ജുവിന് ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കും. അതുകൊണ്ടു തന്നെ പുറത്ത് വരുന്ന സൂചനകൾ സഞ്ജുവിന്റെ ആരാധകർക്ക് വലിയ ആവേശം സമ്മാനിക്കുന്നുണ്ട്.
“സൂര്യകുമാർ യാദവും, ഹാർദിക് പാണ്ഡ്യയും നിലവിൽ ഫിറ്റ് അല്ല. അഫ്ഗാനിസ്താനെതിരായ പരമ്പരയിൽ നിന്ന് നിങ്ങൾക്ക് കാര്യമായൊന്നും കിട്ടില്ല. എല്ലാം (ടി20 ലോകപ്പുമായി ബന്ധപ്പെട്ട്) തീരുമാനിക്കുക ഐപിഎല്ലിലെ ആദ്യ മാസത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാകും.” ബിസിസിഐയിലെ ഒരു മുതിർന്ന ഒഫീഷ്യൽ പറഞ്ഞു.
അതേ സമയം കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര തലത്തിൽ ടി20 മത്സരങ്ങളൊന്നും കളിച്ചിട്ടില്ലാത്ത സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരും ടി20 ലോകകപ്പ് പദ്ധതികളിലുണ്ടെന്നാണ് വിവരം. എന്നാൽ ടീമിലേക്ക് തിരിച്ചെത്തുകയാണെങ്കിൽ രോഹിതിന് നായക സ്ഥാനം തിരികെ ലഭിക്കുമോയെന്ന് കണ്ടറിയണം.