ഹൈദരാബാദ്: കരിയര്‍ തുടങ്ങിയ ഇടത്ത് നിന്ന് തന്നെ അവസാന മത്സരം കളിച്ച് ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സ. ഇന്ന് ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ടെന്നിസ് സ്‌റ്റേഡിയത്തിലായിരുന്നു സാനിയയുടെ വിടവാങ്ങല്‍ എക്‌സിബിഷന്‍ മത്സരം നടന്നത്. ‘ഓര്‍മകള്‍ക്ക് നന്ദി’, ‘വീ വില്‍ മിസ് യൂ’ എന്നെല്ലാമെഴുതിയ പ്ലക്കാര്‍ഡുകളിലെ സ്‌നേഹാക്ഷരങ്ങള്‍ക്ക് മുന്നില്‍ രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിന് സാനിയ മിര്‍സ വിരാമമിട്ടു.
മത്സരത്തിന് മുമ്പ് നടന്ന വിടവാങ്ങല്‍ പ്രസംഗത്തില്‍ സാനിയ കണ്ണീരണിഞ്ഞു. ‘എല്ലാം ആരംഭിച്ചത് ഇവിടെ നിന്നാണ്. ഇതേ വേദിയില്‍ ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയായിരുന്നു തുടക്കം. പിന്നീട് 2004ല്‍ ഞാന്‍ ആദ്യമായി ഡബിള്‍സില്‍ വുമണ്‍സ് ടെന്നിസ് അസോസിയേഷന്‍ കിരീടം നേടി’ സാനിയ ഓര്‍ത്തു. ഒരു കൊച്ചുകുട്ടി പ്രത്യേകിച്ച് പെണ്‍കുട്ടി ടെന്നിസ് തെരഞ്ഞെടുത്തതില്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ ഈ യാത്രയില്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച് കൂടെ നിന്നത് എന്റെ മാതാപിതാക്കള്‍ മാത്രമാണ്. രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതാണ് ഏതൊരു കായിക താരത്തിന്റെയും വലിയ സ്വപ്‌നം. 20 വര്‍ഷം തനിക്കതിന് സാധിച്ചതില്‍ അഭിമാനമുണ്ട്. ഇതിലും മികച്ചൊരു വിടവാങ്ങല്‍ തനിക്ക് ലഭിക്കാനില്ലെന്നും എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.
‘അതെ, ഞാനീ ഗെയിമിനെ മിസ് ചെയ്യാന്‍ പോവുകയാണ്’, സാനിയയെന്ന് എന്ന് ആര്‍പ്പുവിളിക്കുന്ന കാണികള്‍ക്ക് മുന്നില്‍ ഒരു നിമിഷം കണ്ണുനീര്‍ തുടച്ച് താരം തുടര്‍ന്നു. നമുക്ക് കൂടുതല്‍ സാനിയമാരെ ആവശ്യമുണ്ടെന്നും തീര്‍ച്ചയായും അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘ഇത് സന്തോഷാശ്രുക്കളാണ്. ഞാന്‍ നിങ്ങളെ മിസ് ചെയ്യും’ സാനിയ പറഞ്ഞവസാനിപ്പിച്ചു.
രണ്ടാഴ്ച മുമ്പാണ് സാനിയ മിര്‍സ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദുബായിയില്‍ വെച്ച് നടന്ന ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പിലാണ് സാനിയ തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഹൈദരാബാദില്‍ നടന്ന എക്‌സിബിഷന്‍ മത്സരത്തില്‍ ദീര്‍ഘകാലം മിക്‌സഡ് ഡബിള്‍സ് പങ്കാളിയായിരുന്ന രോഹന്‍ ബൊപ്പണ്ണ, ബെഥാനി മറ്റെക്, ക്രിക്കറ്റ് താരം യുവരാജ് സിംഗ്, സിനിമാ താരം ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും പങ്കെടുത്തു.
മത്സരശേഷം തെലങ്കാന മന്ത്രിമാരായ റാമറാവുവും വി ശ്രീനിവാസ ഗൗഡും ചേര്‍ന്ന് സാനിയയെ ആദരിച്ചു. കേന്ദ്ര നിയമന്ത്രി കിരണ്‍ റിജിജു, തെലങ്കാന മന്ത്രി കെ ടി രാമറാവു, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയ പ്രമുഖരും സാനിയയുടെ വിടവാങ്ങല്‍ മത്സരത്തിന് എത്തിയിരുന്നു. സാനിയയുടെ വിടവാങ്ങല്‍ മത്സരമായതുകൊണ്ട് മാത്രമാണ് താന്‍ ഹൈദരാബാദില്‍ എത്തിയതെന്ന് മുന്‍ കായിക മന്ത്രി കൂടിയായ കിരണ്‍ റിജിജു പറഞ്ഞു. ടെന്നിസിന് മാത്രമല്ല ഇന്ത്യന്‍ കായികരംഗത്തിന് മുഴുവന്‍ പ്രചോദനമാണ് സാനിയയെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.