Gulf

വരുന്നു സലാം എയര്‍ കരിപ്പൂരിലേക്ക്; കുറഞ്ഞ നിരക്കില്‍ ഒമാനിലെത്താം. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ഗുണകരം

Published

on

മസ്‌കറ്റ്: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ കരിപ്പൂരിലേക്ക്. എല്ലാ ദിവസവും മസ്‌കറ്റ്-കോഴിക്കോട്-മസ്‌കറ്റ് സര്‍വീസ് നടത്തും. ഒക്‌ടോബര്‍ ഒന്നു മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്.

ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ഈ പ്രതിദിന സര്‍വീസ് ഉപകാരപ്രദമാവുന്ന വിധത്തിലാണ് ക്രമീകരണം. ഗള്‍ഫ് സെക്ടറുകളിലേക്ക് മസ്‌കറ്റില്‍ നിന്ന് സലാം എയറിന് കണക്ഷന്‍ ഫ്‌ളൈറ്റുകലുണ്ടാവും. സൗദിയിലെ പ്രവാസികള്‍ക്കാവും ഇത് വലിയ ആശ്വാസകരമാവുക.

നേരിട്ട് കരിപ്പൂരില്‍ നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ സലാം എയറിന്റെ മസ്‌കറ്റ് സര്‍വീസ് ഉപയോഗപ്പെടുത്തി കണക്ഷന്‍ ഫ്‌ളൈറ്റില്‍ സൗദിയിലെത്താനാവും. നിലവില്‍ ഇതര ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ശേഷമാണ് കരിപ്പൂരിലെ യാത്രക്കാര്‍ സൗദിയിലേക്ക് പോകുന്നത്. കുറഞ്ഞ ചെവലില്‍ കോഴിക്കോട് നിന്ന് ഗള്‍ഫിലെത്താന്‍ സഹായിക്കുന്ന സലാം എയര്‍ പ്രതിദിന സര്‍വീസ് പ്രവാസികള്‍ക്ക് ഗുണകരമാവുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി.

ഉംറ തീര്‍ത്ഥാടകര്‍ക്കും ഈ സര്‍വീസ് ഉപയോഗപ്പെടുത്താനാവും. കോഴിക്കോട് നിന്ന് മസ്‌കറ്റ് വഴി ജിദ്ദയിലേക്കും മദീനയിലേക്കും സര്‍വീസുണ്ട്. തിരിച്ചും സര്‍വീസ് നടത്തുന്നതിനാല്‍ ഉംറ കഴിഞ്ഞ് മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്കും യാത്രചെയ്യാം. സൗദിയിലെ റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും കണക്ഷനുകളുണ്ട്.

സലാം എയറിന്റെ കോഴിക്കോട്-മസ്‌കറ്റ് സര്‍വീസ് സലാല എയര്‍പോര്‍ട്ടുമായും ഫുജൈറ എയര്‍പോര്‍ട്ടുമായും ബന്ധിപ്പിച്ചത് ഒമാനിന്റെ മറ്റു ഭാഗങ്ങളിലേക്കും യുഎഇയിലേക്കും പോകുന്നവര്‍ക്ക് കൂടി ഉപകാരപ്രദമാവും. കുറഞ്ഞ ചെവലില്‍ കോഴിക്കോട് നിന്ന് ഗള്‍ഫിലെത്താമെന്നതാണ് ഈ സര്‍വീസുകളുടെ പ്രത്യേകത.

സലാം എയറില്‍ ദമ്മാമില്‍ നിന്ന് കരിപ്പൂരിലേക്ക് 440 റിയാലിനും കോഴിക്കോട് നിന്ന് ദമാമിലേക്ക് 736 റിയാലിനും ഇപ്പോള്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. മറ്റു കണക്ഷന്‍ വിമാനങ്ങള്‍ പോലെ ഏകദേശം ഏഴ് മണിക്കൂര്‍ മാത്രമാണ് യാത്രാസമയം. സര്‍വീസ് ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നുമുതലുള്ള ടിക്കറ്റ് ഇപ്പോള്‍ വെബ്‌സൈറ്റില്‍ നിന്ന് വാങ്ങാം.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് പോലെ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ഒമാനിലെ ബജറ്റ് എയര്‍ലൈനാണ് സലാം എയര്‍. നിലവില്‍ ഒമാന്‍ എയര്‍ നേരിട്ടുള്ള രണ്ട് സര്‍വീസുകള്‍ കോഴിക്കോട്ടേക്ക് നടത്തുന്നുണ്ട്.

നവംബര്‍ മുതല്‍ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്‌സ് കൊച്ചിയിലേക്ക് എട്ട് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള പ്രതിദിന സര്‍വീസുകള്‍ 2024 ജനുവരി ഒന്നുമുതല്‍ പുനരാരംഭിക്കാനും തീരുമാനിച്ചിരുന്നു. കോവിഡ് കാലത്ത് നിര്‍ത്തിവച്ച ചില സെക്ടറുകളിലേക്ക് അബുദാബി ആസ്ഥാനമായുള്ള ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യയും സര്‍വീസ് തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version