ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ, വാഹനങ്ങളോടുള്ള താല്പര്യവും പ്രശസ്തമാണ്. ഒരു ബോളിനെ തഴുകി ബൗണ്ടറി കടത്തുന്ന ചാരുതയോടെ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിലുള്ള സച്ചിന്റെ താല്പര്യം പ്രശസ്തമാണ്. ഉയർന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന നിരവധി പോർഷെ കാറുകൾ ഇപ്പോൾത്തന്നെ സച്ചിന് സ്വന്തമായുണ്ട്. ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ അംബാസിഡറുമാണ് സച്ചിൻ. നിലവിൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്.
ഹൈദരാബാദിൽ നടക്കുന്ന 2022-23 ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പ് വേദിയിൽ സച്ചിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഈ വേദിയിൽ അദ്ദേഹത്തിന് ലഭിച്ച ഒരു നേട്ടം സച്ചിൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. ഇറ്റാലിയൻ വാഹന ഡിസൈൻ കമ്പനിയായ പിനിൻഫരീനയുടെ ബാറ്റിസ്റ്റ എന്ന ഇലക്ട്രിക് കാർ ഓടിക്കുന്ന ചിത്രവും, വീഡിയോയുമാണ് സച്ചിൻ പങ്കു വെച്ചത്. ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ഹൈപ്പർ കാർ എന്ന വിശേഷണമാണ് ബാസ്റ്റിസ്റ്റയ്ക്കുള്ളത്. 20 കോടി രൂപയാണ് വില. ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് പിനിൻഫരീന.
സച്ചിൻ തന്റെ ട്വീറ്റിൽ ഇപ്രകാരമാണ് കുറിച്ചിരിക്കുന്നത്. ‘ഇലക്ട്രിക് വാഹനങ്ങളുടേതാണോ ഭാവി ? എന്ന ചോദ്യത്തിനുള്ള പെർഫെക്ടായ ഉത്തരമാണ് പിനിൻഫരീന ബാറ്റിസ്റ്റ.വളരെയധികം വേഗതയുള്ളതാണീ വാഹനം. നമ്മൾ സമയത്തെ മറികടന്ന് ഭാവിയിൽ ലാൻഡ് ചെയ്തിരിക്കുന്നു. ആനന്ദ് മഹീന്ദ്രയുടെയും, അദ്ദേഹത്തിന്റെ ടീമിന്റെയും അദ്ഭുതകരമായ നേട്ടമാണിത്. ഇന്ത്യൻ കമ്പനികൾ ഇത്തരം അത്യാധുനിക വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിൽ അഭിമാനമുണ്ട്’ . ഈ വാക്കുകളോടൊപ്പം വാഹനത്തിന്റെ ചിത്രങ്ങളും സച്ചിൻ പങ്കു വെച്ചിട്ടുണ്ട്.
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഈ വാഹനം നിർമിക്കുന്നതെങ്കിലും ഇതുവരെയും ബാറ്റിസ്റ്റ എന്ന മോഡൽ പിനിൻഫരീന ഇന്ത്യയിൽ എത്തിച്ചിട്ടില്ല. ഈ മോഡൽ വാഹനം പുറത്തിറക്കുന്നതായി കമ്പനി പ്രഖ്യാപിച്ചത് 2019ലാണ്. ഇതിന്റെ 150 യൂണിറ്റ് മാത്രമായിരിക്കും നിർമിക്കുകയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നോർത്ത് അമേരിക്ക,.യൂറോപ്പ് എന്നിവിടങ്ങളിലായിരിക്കും കൂടുതൽ യൂണിറ്റുകൾ വില്പയ്ക്കെത്തിക്കുകയെന്നും, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ചുരുക്കം യൂണിറ്റുകൾ മാത്രമായിരിക്കും വില്പനയ്ക്കെത്തിക്കുക എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
120 കിലോവാട്ട് ശേഷിയോടു കൂടിയ ബാറ്ററി പാക്കാണ് ബാറ്റിസ്റ്റയ്ക്കുള്ളത്. അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള നാല് മോട്ടോറുകൾ കരുത്തു പകരുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ രണ്ട് സെക്കൻഡുകൾ മതിയാകും. 12 സെക്കൻഡുകൾക്കുള്ളിൽ 300 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് സാധിക്കും. പരമാവധി വേഗത 350 കിലോമീറ്ററുകളാണ്. ഇലക്ട്രിക് വാഹനങ്ങളിൽ ഈ മോഡലിന് എതിരാളികളില്ലെന്ന വിശേഷണവും നിലവിലുണ്ട്.