ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവിസുകൾ പ്രഖ്യാപിച്ച് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). ഈ മാസം 18 മുതൽ ആണ് ബസ് സർവീസ് ആരംഭിക്കുന്നത്. ഗ്ലോബൽ വില്ലേജിൽ 28ാമത് സീസൺ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
റാശിദിയ സ്റ്റേഷൻ, അൽ ഇത്തിഹാദ് സ്റ്റേഷൻ, അൽ ഗുബൈബ സ്റ്റേഷൻ, മാൾ ഓഫ് എമിറേറ്റ്സ് സ്റ്റേഷൻ എന്നിങ്ങനെ നാല് ബസ് സ്റ്റേഷനുകളിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. സിംഗിൾ ട്രിപ്പിന് 10 ദിർഹമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഡീലക്സ് കോച്ചുകളും സർവിസിന് ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അൽ ഇത്തിഹാദ് സ്റ്റേഷനിൽനിന്ന് 40 മിനിറ്റ് ഇടവേളകളിൽ ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കും. റാശിദിയ, അൽ ഗുബൈബ, മാൾ ഓഫ് എമിറേറ്റ്സ് സ്റ്റേഷനുകളിൽനിന്ന് ഓരോ മണിക്കൂർ ഇടവിട്ട് ബസ് സർവീസ് നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ആർടിഎ ആണ് ബസ് സർവീസുമായി ബന്ധപ്പെട്ട വിരവങ്ങൾ പുറത്തുവിട്ടത്.
ഇലക്ട്രിക് അബ്ര സർവിസുകളും ഗ്ലോബൽ വില്ലേജിലേക്ക് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വാട്ടർ കനാൽ വഴി രണ്ട് പരമ്പരാഗത ബോട്ടുകളാണ് സർവീസ് നടത്തുക. ചൂട് കാലത്ത് ഗ്ലോബൽ വില്ലേജ് അടച്ചിടും. പിന്നീട് ശൈത്യകാലത്താണ് തുറക്കുക. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും ദുബായ് ഗ്ലോബൽ വില്ലേജ് കാണാൻ നിരവധി പേർ എത്താറുണ്ട്. ദുബായിൽ എത്തുന്നവരുടെ ഏറ്റവും വലിയ ആകർഷണമാണ് ഗ്ലോബൽ വില്ലേജ്. വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ ഒരു വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
തൊഴിലാളികൾക്ക് വേണ്ടി രണ്ടു മേഖലകളിൽകൂടി പുതിയ മാർക്കറ്റുകൾ തുറക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. കൂടാത പഴയ മാർക്ക് പുനരുദ്ധരിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിലെ മാർക്കറ്റുകൾ കൂടുതൽ മികച്ചതാക്കുന്നതിന് വേണ്ടി പുതിയ പദ്ധതികൾ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ പദ്ധതികൾ ഉടൻ നടപ്പിലാക്കും അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
16,000 ചതുരശ്ര അടി വിസ്തീർണത്തിൽ അൽ ഖൂസ്-3ൽ മാർക്കറ്റ് നിർമ്മിക്കും. മുഹൈസന 2ൽ 9200 ചതുരശ്ര അടി വിസ്തീർണത്തിലും ആയിരിക്കും മാർക്കറ്റ് നിർമ്മിക്കുന്നത്. കൂടാതെ അൽ ഖൂസ് 4ലെ 14,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇപ്പോഴുള്ള മാർക്കറ്റ് നവീകരിക്കും. പച്ചക്കറികൾ, ഇറച്ചി, മീൻ, വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയെല്ലാം ഇവിടെ ലഭിക്കും.