സൗദി പ്രോ ലീഗിൽ (Saudi Pro League) തകർപ്പൻ ഫോമിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) പോർച്ചുഗലിന് വേണ്ടി യൂറോ കപ്പ് യോഗ്യതാ മത്സരത്തിനെത്തിയെങ്കിലും (Euro Cup Qualifiers) ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. സ്ലോവാക്യക്കെതിരായ (Slovakia) മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ട താരത്തിന് അടുത്ത മത്സരം കളിക്കാനാവില്ല. ലക്സംബർഗിനെതിരെയാണ് (Luxembourg) പോർച്ചുഗൽ ഇനി കളിക്കാൻ പോവുന്നത്.
റോബർട്ടോ മാർട്ടിനസ് പരിശീലിപ്പിക്കുന്ന പോർച്ചുഗൽ സംഘം സ്ലൊവാക്യക്കെതിരെ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ബ്രാട്ടിസ്ലാവയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വിജയവും നേടി. അറ്റാക്കിങ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളാണ് പോർച്ചുഗലിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിൻെറ ആദ്യപകുതിയിൽ തന്നെ പോർച്ചുഗൽ ലീഡെടുത്തു. 43ാം മിനിറ്റിലാണ് ബ്രൂണോ ഫെർണാണ്ടസ് ഗോൾ നേടിയത്.
യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗൽ ഇത് വരെ ഗംഭീര മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. സ്ലോവാക്യക്കെതിരെ നേടിയത് തുടർച്ചയായ അഞ്ചാം ജയമാണ്. ഇതിനോടകം 15 ഗോളുകൾ നേടിയ ടീം ഒരു ഗോൾ പോലും വഴങ്ങിയിട്ടുമില്ല. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തും പോർച്ചുഗൽ തന്നെയാണ്. അവസാന മത്സരത്തിലെ വിജയത്തോടെ അവർ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള സ്ലോവാക്യയേക്കാൾ 5 പോയൻറ് മുന്നിലാണ്.
ലക്സംബർഗിനെതിരെ റൊണാൾഡോ കളിക്കാത്തത് ടീമിന് നിരാശ പകരുന്ന കാര്യമാണെന്നതിൽ സംശയമില്ല. ഇതുവരെ യൂറോ യോഗ്യതാ മത്സരങ്ങളിൽ താരം 5 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിലുള്ള ടീമിൻെറ കരുത്ത് വെച്ച് നോക്കുമ്പോൾ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്തത് ടീമിനെ വലിയ തോതിൽ ബാധിക്കില്ലെന്ന് ആരാധകർ വിശ്വസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചയാണ് സാമൂഹ്യ മാധ്യമമായ എക്സിൽ (പഴയ ട്വിറ്റർ) നടക്കുന്നത്.
റൊണാൾഡോ ഇല്ലാത്തത് കൊണ്ട് ടീമിന് ഒന്നും സംഭവിക്കാൻ പോവുന്നില്ലെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. ഒരു മാറ്റവും ഉണ്ടാവാൻ പോവുന്നില്ല, പോസ്റ്റിന് താഴെ ഒരാൾ പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ്. താരത്തിൻെറ റെക്കോഡുകളിലും വലിയ മാറ്റമൊന്നും ഉണ്ടാവില്ലെന്നും ആരാധകർ പറയുന്നു. ലക്സംബർഗിനെതിരെ വിജയിച്ചാൽ പോർച്ചുഗലിന് യൂറോ 2024 യോഗ്യത ഉറപ്പിക്കാൻ സാധിക്കും.
വലിയ ആവേശത്തോടെയാണ് ക്രിസ്റ്റ്യാനോ ദേശീയ ടീമിന് വേണ്ടി വീണ്ടും കളിക്കാനെത്തിയത്. കഴിഞ്ഞ ലോകകപ്പിൽ താരം റിസർവ് ബെഞ്ചിൽ വരെ ഇരിക്കേണ്ടി വന്നിരുന്നു. ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ ക്വാർട്ടർ ഫൈനൽ വരെയാണ് എത്തിയത്. റൊണാൾഡോയ്ക്ക് ലോകകപ്പിൽ ടീമിന് വേണ്ടി നേടാൻ സാധിച്ചത് ഒരേയൊരു ഗോളായിരുന്നു. താരത്തിൻെറ കരിയറിലെ ഏറ്റവും മോശം ലോകകപ്പുകളിൽ ഒന്നാണ് ഖത്തറിൽ നടന്നത്.
യോഗ്യതാ റൗണ്ടിലെ അടുത്ത രണ്ട് മത്സരങ്ങളും വിജയിക്കുകയെന്നതാണ് മുന്നിലുള്ള പ്രധാന ലക്ഷ്യമെന്ന് മത്സരത്തിന് മുമ്പ് തന്നെ റൊണാൾഡോ പ്രതികരിച്ചിരുന്നു. ജയം നേടിയാൽ ടീമിന് യോഗ്യത ഉറപ്പിക്കാമെന്നതാണ് പ്രധാന കാര്യം. 20 വർഷത്തോളം ദേശീയ ടീമിന് വേണ്ടി കളിക്കാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്നും താരം പറഞ്ഞു. വരുന്ന യൂറോ കപ്പ് കിരീടം പോർച്ചുഗലിനായി നേടുകയെന്നതാണ് താരത്തിൻെറ കരിയറിലെ അടുത്ത പ്രധാന ലക്ഷ്യം.
ഇത്തവണത്തെ ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ റൊണാൾഡോയ്ക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. അടുത്ത തവണ താരം ബാലൺ ഡി ഓറും ലക്ഷ്യം വെക്കുന്നുണ്ട്. സൌദി പ്രോ ലീഗിൽ അൽ നസറിനെ ചാമ്പ്യൻമാരാക്കുകയും യൂറോ കപ്പിൽ പോർച്ചുഗലിനെ കിരീടനേട്ടത്തിലെത്തിക്കുകയും ചെയ്യുകയെന്നതാണ് താരത്തിന് മുന്നിലുള്ള സുപ്രധാന ലക്ഷ്യങ്ങൾ.