Sports

റൊണാള്‍ഡോ അവതരിച്ചു; കാല്‍ നൂറ്റാണ്ടിന് ശേഷം അറബ് കപ്പ് സെമിയില്‍ കടന്ന് അല്‍ നസര്‍

Published

on

സൗദി നഗരമായ അബ്ഹയിലെ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ അറബ് ക്ലബ്ബ് ചാംപ്യന്‍സ് കപ്പ് ക്വാര്‍ട്ടര്‍ മത്സരം നടക്കുന്നു. നിലവിലെ സൗദി പ്രോ ലീഗ് റണ്ണറപ്പായ അല്‍ നസര്‍ മൊറോക്കന്‍ ക്ലബ്ബായ രാജാ കാസാബ്ലാങ്കയെ നേരിടുകയാണ്. മത്സരത്തിന്റെ 19-ാം മിനിറ്റ്. എതിര്‍ പ്രതിരോധ നിരയെ ഭേദിച്ച് അല്‍ നസറിന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ടാലിസ്‌ക പന്തുമായി കുതിക്കുന്നു. മുന്നോട്ട് ഓടുകയായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ലക്ഷ്യമാക്കി ടാലിസ്‌ക പന്ത് നീട്ടി നല്‍കി. റൊണാള്‍ഡോയുടെ ഇടം കാലില്‍ നിന്ന് പുറപ്പെട്ട ബുള്ളറ്റ് ഷോട്ട് ഗോള്‍ കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ കാസാബ്ലാങ്കയുടെ വല തുളതുളച്ചുകയറി. അല്‍ നസറിന്റെ ഗോള്‍ വേട്ട അവിടെ തുടങ്ങുകയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജ കാസബ്ലാങ്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അല്‍ നസര്‍ കളം വിട്ടത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ വിജയത്തോടെ അറബ് കപ്പില്‍ അല്‍ നസര്‍ പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. 1995ന് ശേഷം ആദ്യമായാണ് അല്‍ നസര്‍ അറബ് ക്ലബ്ബ് ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. അല്‍ നസര്‍ എന്ന ക്ലബ്ബിന്റെ രക്ഷകനായി അവതരിച്ചത് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. റൊണാള്‍ഡോ തുടങ്ങിവെച്ച ഗോളടി പിന്നീട് സുല്‍ത്താന്‍ അല്‍ ഗന്നവും സെകോ ഫൊഫാനയും ഏറ്റെടുക്കുകയായിരുന്നു.

29-ാം മിനിറ്റില്‍ അല്‍ ഗന്നം നേടിയ ഗോളോടെ അല്‍ നസര്‍ ലീഡ് ഉയര്‍ത്തി. പിന്നാലെ 38-ാം മിനിറ്റില്‍ ക്ലബ്ബിന്റെ പുതിയ സൈനിംഗ് ആയ ഫൊഫാന ലക്ഷ്യം കണ്ടപ്പോള്‍ ആദ്യ പകുതിയില്‍ തന്നെ അല്‍ നസര്‍ മൂന്ന് ഗോളിന്റെ ലീഡ് ഉറപ്പിച്ചു. എന്നാല്‍ 41-ാം മിനിറ്റില്‍ അല്‍ നസര്‍ താരം അബ്ദുള്ള മാദുവിന്റെ സെല്‍ഫ് ഗോളിലൂടെ രാജ അക്കൗണ്ട് തുറന്നു. ആദ്യപകുതിയില്‍ 3-1 എന്ന സ്‌കോറിന് അവസാനിച്ച മത്സരം രണ്ടാം പകുതിയിലും ഗോളുകള്‍ ഒന്നും പിറക്കാതെ വന്നപ്പോള്‍ അല്‍ നസര്‍ ആധികാരികവിജയം സ്വന്തമാക്കി.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റൊണാള്‍ഡോ അല്‍ നസറിന് വേണ്ടി വല കുലുക്കുന്നത്. സമാലേക്കിനെതിരായ മത്സരത്തിന്റെ അവസാന നിമിഷം റൊണാള്‍ഡോ നേടിയ മനോഹര ഹെഡര്‍ ഗോളാണ് അല്‍ നസറിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചത്. ടൂര്‍ണമെന്റിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തും റൊണാള്‍ഡോക്കാണ്.

ബുധനാഴ്ച നടക്കുന്ന അറബ് ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പിന്റെ സെമിഫൈനല്‍ മത്സരത്തില്‍ അല്‍ ഷോര്‍ടയെയാണ് അല്‍ നസര്‍ നേരിടുക. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ഈ മത്സരം അരങ്ങേറുന്നത്. രാത്രി 11.30ന് അരങ്ങേറുന്ന രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ സൗദി വമ്പന്‍മാരായ അല്‍ ഹിലാല്‍, അല്‍ ശബാബിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version